ട്രോളിങ് നിരോധനം: തീരദേശങ്ങളില്‍ 24 മണിക്കൂറുമുള്ള കൺട്രോൾ റൂമുകൾ തുറക്കുമെന്ന് സജി ചെറിയാന്‍
🎬 Watch Now: Feature Video
തൃശൂർ: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂര്‍ മമ്മിയൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ് വകുപ്പിന്‍റേയും മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റേയും നേതൃത്വത്തിൽ തുടർച്ചയായി കടലിൽ പട്രോളിങ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. കൂടാതെ എല്ലാ ട്രോളിങ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്രോൾ ബാൻ കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. ഇത് ലംഘിക്കുന്നവർക്കെതിരെയും, ഏതെങ്കിലും തരത്തിൽ അനധികൃതമായ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെയും മറൈൻ എൻഫോഴ്സ്മെന്‍റ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം മൂന്നര ലക്ഷം മെട്രിക് ടണ്‍ ആയിരുന്ന മത്സ്യ സമ്പത്തെങ്കിൽ ഈ വർഷം അത് ഏഴ് ലക്ഷം മെട്രിക് ടണ്‍ മത്സ്യ സമ്പത്തിലേക്ക് എത്തിക്കാൻ സാധിച്ചു. കേരളത്തിൽ മത്സ്യ സമ്പത്തിൽ ഉത്‌പാദനത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ഈ വർഷവും ശക്‌തമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ALSO READ : സംസ്ഥാനത്ത് ജൂൺ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം