'കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിന് ഉറവിട സംസ്‌കരണം'; ബുദ്ധിമുട്ടുള്ളയിടങ്ങളില്‍ മറ്റ് സംവിധാനമെന്നും മന്ത്രി എംബി രാജേഷ് - എറണാകുളം
🎬 Watch Now: Feature Video
എറണാകുളം: കൊച്ചിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാൻ ഉറവിടമാലിന്യ സംസ്‌കരണം നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വികേന്ദ്രീകരണ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതാത് സ്ഥലങ്ങളിൽ പരമാവധി മാലിന്യം സംസ്‌കരിക്കണം എന്നാണ് ഇന്നത്തെ അവലോകന യോഗത്തിൽ തീരുമാനിച്ചത്. വലിയ തോതിൽ മാലിന്യം പുറംതള്ളുന്നവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. അവർ സ്വന്തം നിലയിൽ മാലിന്യം സംസ്‌കരിക്കണം. ഹോട്ടൽ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ അവരുടെ മാലിന്യം സ്വന്തം നിലയിൽ സംസ്‌കരിക്കുന്നുണ്ട്. ഫ്ലാറ്റുകൾക്ക് ഉറവിട മാലിന്യ സംസ്‌കരണത്തിന് ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചത്. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കും.
ഇന്നത്തെ യോഗത്തിലും ഈ വിഷയം ചർച്ചചെയ്‌തു. റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും, വ്യാപാരി, യുവജന, സന്നദ്ധ സംഘടനകളുമായി യോഗം ചേരും. മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനാണ് നിർദേശം നൽകിയത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് രാത്രികാല പട്രോളിങ് അടക്കം ശക്തിപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങൾ പിഴ ചുമത്തുന്ന നടപടികളും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
'ബയോ മൈനിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കും': ബോധവത്‌കരണത്തോടൊപ്പം നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കൂട്ടായ പ്രവർത്തനമാണ് ഇവിടെ വേണ്ടത്. എല്ലാവർക്കും ഈ വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ജനപ്രതിനിധികൾ കൂട്ടായി പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങളോട് സമാധാനം പറയേണ്ടിവരും. സമയബന്ധിതമായി ബയോ മൈനിങ് പൂർത്തിയാക്കും. ഇതിനാവശ്യമായ ഗൗരവകരമായ പരിശോധന സർക്കാർ നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന, ഹൈക്കോടതിയിൽ സമർപ്പിച്ച കർമ പദ്ധതി അവലോകനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നത്. കൊച്ചിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ട് മേൽ നോട്ടം വഹിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.