kerala liquor policy | ചെത്ത് തൊഴിലാളികളെയും കള്ള് വ്യവസായത്തെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ ഉദ്ദേശം; എം ബി രാജേഷ് - ടോഡി

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2023, 3:27 PM IST

തിരുവനന്തപുരം: ചെത്ത് തൊഴിലാളികളെയും കള്ള് വ്യവസായത്തെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ ഉദ്ദേശമെന്ന് മന്ത്രി എംബി രാജേഷ്.  കള്ള് വ്യവസായ മേഖലയെ ആധുനികവൽക്കരിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ വ്യാപനം കൂട്ടുന്നതിനുള്ളതാണ് പുതിയ മദ്യനയം എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ല. പുതിയ നിലയിൽ മാത്രമേ കള്ള് വ്യവസായത്തെ സംരക്ഷിക്കാനാകൂ. അതിനാണ് ഊന്നൽ നൽകുന്നത്. യാഥാർഥ്യബോധത്തോടു കൂടിയുള്ള സന്തുലിതമായ മദ്യനയമാണ് സർക്കാർ ആവിഷ്‌കരിച്ചതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. 

കള്ള് ചെത്ത് മേഖല ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനെ ആധുനികവൽക്കരിക്കാനും നവീകരിക്കാനും അതിലൂടെ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാണ് മദ്യനയത്തിൽ ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ മദ്യത്തിന്‍റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക അതിലൂടെ തൊഴിലവസരങ്ങളും വരുമാനം സൃഷ്‌ടിക്കുക എന്നതാണ് മറ്റൊരു ഊന്നൽ. കൃഷിക്കാർക്ക് മൂല്യ വർധനവിന് കൂടി സഹായിക്കുന്നതാണ് പുതിയ മദ്യനയം. വളരെ ദീർഘവീക്ഷണമുള്ള മദ്യ നയമാണ് സർക്കാർ മുന്നോട്ടുവെച്ചത്. 

ടൂറിസം മേഖലയിൽ നിന്ന് വന്ന പ്രതികരണങ്ങൾ മദ്യനയത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ്. കേരളത്തെ സംബന്ധിച്ച് ടൂറിസം വളരെ പ്രധാനമാണ്. ആ പരിഗണന കൂടി ഈ മദ്യ നയത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതിനെതിരായിട്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. ടോഡി ബോർഡ് ഉടൻ രൂപീകരിക്കും. മദ്യവർജനമാണ് സർക്കാരിൻ്റെ നയം. സർക്കാർ ഒരുകാലത്തും മധ്യനിരോധനത്തെ പറ്റി പറഞ്ഞിട്ടില്ല. മദ്യം ഒഴുക്കുകയോ ലഹരിയെ പ്രോത്സാഹിപ്പിക്കുകയോ അല്ല സർക്കാർ ചെയ്‌തിട്ടുള്ളത്. വിമുക്തി മിഷൻ അടക്കമുള്ള പദ്ധതികൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. 

പുതിയ മദ്യനയം അനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്‌റ്റോറന്‍റുകളില്‍ ടൂറിസം സീസണിൽ ഇനിമുതൽ ബിയറും വൈനും വിൽക്കാം. ത്രീസ്‌റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കും വിനോദസഞ്ചാര മേഖലയിലെ റിസോർട്ടുകൾക്കും അതത് സ്ഥാപനത്തിനുള്ളിലെ തെങ്ങും പനയും ചെത്തി കള്ളുത്പാദിപ്പിക്കാം. ഇത് അതിഥികൾക്ക് നൽകാനുമാകും. 

കേരള ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യാനാണ് തീരുമാനം. മാത്രമല്ല ഐടി പാർക്കുകൾക്കൊപ്പം വ്യവസായ പാർക്കുകളിലും മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകുമെന്ന് എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.