'25കാരനെന്ന് വിവരം' ; പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

By

Published : Apr 3, 2023, 11:49 AM IST

thumbnail

തിരുവനന്തപുരം : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിൽ തീവയ്പ്പ് നടത്തിയ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 25കാരനായ യുവാവാണ് അക്രമം നടത്തിയതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇയാളുടെ രേഖാചിത്രം അടക്കം തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ട്രെയിനിൽ അക്രമം നടത്തുന്നതിനിടെ പ്രതിക്കും പൊള്ളലേറ്റതായാണ് വിവരം. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. എത്രയും വേഗം പ്രതിയെ കണ്ടെത്താൻ കഴിയും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അതിക്രമം ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഓടുന്ന ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് അക്രമി തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ 9 പേർ പരിക്കേറ്റ് ചികിത്സയിലാണ്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിലെ റെയിൽവേ ട്രാക്കിൽ നിന്ന് രണ്ട് വയസുകാരി ഉൾപ്പടെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനിടെ രക്ഷപ്പെടാന്‍ വേണ്ടി ഇവര്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടിയപ്പോള്‍ മരണം സഭവിച്ചുവെന്നാണ് സൂചന.

മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയവരാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. 

അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് ട്രാക്കിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാഗിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ പോക്കറ്റ് ഡയറി, കാൽഭാഗം ഇന്ധനം അടങ്ങിയ കുപ്പി, മൊബൈൽഫോൺ, ഇയർഫോൺ തുടങ്ങിയവ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതാണ് ദൃശ്യത്തില്‍.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.