ഇടുക്കിയില്‍ പ്രതിഫലമില്ലാതെ തൊഴിലുറപ്പ്; പ്രതിസന്ധിയിലായി തൊഴിലാളികള്‍ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ആസ്‌തികൾക്കുള്ള പ്രതിഫലം ലഭിക്കാതെ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ തൊഴിലാളികൾ. ഇടുക്കി ജില്ലയിൽ ഈയിനത്തിൽ 52 പഞ്ചായത്തുകളിലായി ലഭിക്കുവാനുള്ളത് 100 കോടിയിലധികം രൂപയാണ്. സോഫ്റ്റ്‌വെയർ പിഴവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിൽ ലഭിക്കുവാനുള്ളത് 100 കോടിയിലധികം രൂപയാണ്. വ്യക്തിഗത ആസ്‌തികൾക്കാണ് പണം ലഭിക്കാത്ത സാഹചര്യം നിലവിലുള്ളത്. സോക്ക്പിറ്റ്, കമ്പോസ്‌റ്റ്പിറ്റ്, കോഴിക്കൂട്, ആട്ടിൻ കൂട്, തൊഴുത്ത്, കുടിവെള്ള കിണർ നിർമാണം, മെറ്റീരിയൽ പ്രവർത്തികളായ റോഡ് കോൺക്രീറ്റിങ് തുടങ്ങിയ പ്രവർത്തികൾക്ക് പണം ലഭിക്കുന്നില്ല.
സ്‌കിൽഡ് മാസ്‌റ്ററോൾ പൂർത്തീകരിച്ച് പെയ്മെന്‍റ്, സോഫ്റ്റ്‌വെയറിൽ പോയിട്ടും മെറ്റീരിയൽ ജനറേറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് ഇത്തരത്തിലുള്ള പ്രതിസന്ധി ഉടലെടുക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സംസ്ഥാനവിഹിതം ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധികൾക്ക് കാരണം.
ജില്ലയിലെ 52 പഞ്ചായത്തുകളിലും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. മിക്കയിടങ്ങളിലും 40 ലക്ഷത്തിലധികം രൂപ ലഭിക്കുവാനുണ്ട്. അതോടുകൂടി പ്രവർത്തികൾ പൂർത്തീകരിച്ചവർ പണം ലഭിക്കുമോ എന്ന ആശങ്കയിലാണ്. അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.