മന്തൈ മുതലമ്മൻ ക്ഷേത്രത്തിലെ കാള ചത്തു: ജല്ലിക്കെട്ടിലെ അജയ്യന് പ്രണാമം അർപ്പിച്ച് ഗ്രാമവാസികൾ - റിലധികം ജല്ലിക്കെട്ടുകളിൽ പങ്കെടുത്ത കാള
🎬 Watch Now: Feature Video
ദിണ്ടിഗൽ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ കഥകൾ നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയ ഒരു കാളയുടെ വിയോഗത്തിന്‍റെ കഥയാണ് തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ നിന്നുള്ളത്. ദിണ്ടിഗലിലെ നത്തത്തിനടുത്ത് വട്ടിപ്പട്ടിക്ക് അടുത്തായി കവരയപ്പട്ടിയിൽ മന്തൈ മുതലമ്മൻ എന്നൊരു ക്ഷേത്രമുണ്ട്. കഴിഞ്ഞ 20 വർഷമായി ഈ ക്ഷേത്രത്തിന് വേണ്ടി ഗ്രാമവാസികൾ ഒരു ജല്ലിക്കെട്ട് കാളയെ വളർത്തിയിരുന്നു. കവരയപ്പട്ടി ക്ഷേത്രത്തിലെ ഈ കാള ഗ്രാമവാസികളുടെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു.
അലങ്കാനല്ലൂർ, പാലമേട്, സിറവയൽ, തവസിമട, കൊശവപ്പട്ടി തുടങ്ങി നൂറിലധികം ജല്ലിക്കെട്ടുകളിൽ പങ്കെടുത്ത ഈ കാള മത്സരങ്ങളിൽ അജയ്യനായിരുന്നു. നാടിന് അഭിമാനമായ കാള ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്‌ച ചാവുകയായിരുന്നു. ഗ്രാമവാസികൾ സ്വന്തമായി കരുതി വളർത്തിയിരുന്ന കാളയുടെ വിയോഗം അക്ഷരാർഥത്തിൽ ഗ്രാമവാസികളെ ദുഃഖത്തിലാഴ്‌ത്തി.
ഗ്രാമത്തിൽ യഥേഷ്‌ടം നടന്ന് വീടുവീടാന്തരം കയറി ഗ്രാമവാസികൾ നൽകുന്ന പഴങ്ങളും വൈക്കോലും ഭക്ഷിച്ച് ജീവിക്കുന്ന രീതിയായിരുന്നു കാളക്ക് ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട കാളക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗ്രാമം മുഴുവൻ ഒഴുകി എത്തുകയായിരുന്നു. ചത്ത കാളയുടെ ശരീരം അലങ്കരിച്ച് ക്ഷേത്രത്തിനു മുന്നിൽ വയ്‌ക്കുകയും പ്രാർഥനയും പൂജകളും നടത്തി. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പോലും ചടങ്ങിന് എത്തുകയും കാളക്ക് മാല ചാർത്തി അന്ത്യാജ്ഞലി അർപ്പിക്കുകയും ചെയ്‌തു.
ന്ദനം, ജാവ്വദ്, വേസ്‌തി, തൂവാല എന്നിവ അണിയിച്ച് ചത്ത കാളയെ ഒരുക്കുകയും തുടർന്ന് പടക്കം പൊട്ടിച്ചും താലപ്പൊലിയും വാദ്യഘോഷങ്ങൾ മുഴക്കിയും കാളയുടെ ജഡം തമിഴ്‌നാട്ടിലെ ശവ സംസ്‌കാര രീതിയുടെ ആചാര മര്യാദകൾ പാലിച്ച് ഘോഷയാത്രയായി കൊണ്ടുപോവുകയും ചെയ്‌തു. പ്രാർഥനകളോടെ ക്ഷേത്രത്തിന് സമീപം ജഡം സംസ്‌കരിക്കുകയും ചെയ്‌തു.
ഗ്രാമവാസികളോട് ഏറെ സ്‌നേഹമുള്ള കാളയെ പ്രദേശവാസികൾ കെട്ടിയിടാറു പോലുമുണ്ടായിരുന്നില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സകൾ നൽകിയെങ്കിലും കാളയുടെ ജീവൻ രക്ഷിക്കാനായില്ല.