'കുറ്റപ്പെടുത്താൻ യാതൊരു ദുശ്ശീലവുമില്ല, ഈ വിയോഗം അപ്രതീക്ഷിതം' ; സിദ്ദിഖിനെ അനുസ്‌മരിച്ച് മണിയൻപിള്ള രാജു - സിദ്ദിഖ് മരണം
🎬 Watch Now: Feature Video
എറണാകുളം:പ്രമുഖ സംവിധായകൻ സിദ്ദിഖിന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. സിദ്ദിഖിന്‍റെ വിയോഗത്തിൽ ഞങ്ങൾ സിനിമാക്കാരെല്ലാം ദുഃഖിതരാണ്. സിനിമാക്കാർക്ക് കരളിന് അസുഖം വന്നാൽ പൊതുവെ ആളുകൾ ഞങ്ങളുടെ ജീവിത രീതിയെയാണ് കുറ്റം പറയാറുള്ളത്. വഴിവിട്ട് ജീവിച്ചത് കൊണ്ടോ മദ്യപാനം കൊണ്ടോ സംഭവിക്കുന്നതാണെന്നാണ് പൊതുവെയുള്ള കുറ്റപ്പെടുത്തൽ. എന്നാൽ സിദ്ദിഖ് അങ്ങനെ ഒരു വ്യക്തിയല്ല. മദ്യപാനമോ പുകവലിയോ മറ്റേതെങ്കിലും ദുശ്ശീലമോ അദ്ദേഹത്തിനുള്ളതായി അറിയില്ല. ഈ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഒരു മാസം മുൻപ് ഞങ്ങൾ നേരിൽ കണ്ടിരുന്നു. അന്ന് സിദ്ദിഖ് ആരോഗ്യവാനായിരുന്നു. എന്തുകൊണ്ടാണ് ഇത്ര പെട്ടെന്നൊരു വിടപറയൽ എന്നത് പറയാൻ എനിക്കും അറിയില്ല. സിദ്ദിഖിന്‍റെ പുതിയ പ്രൊജക്‌ടുകൾക്കായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ കുടുംബത്തിന്‍റെ ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. കരൾ രോഗം, ന്യുമോണിയ എന്നീ അസുഖങ്ങൾക്കായി ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് യാത്രയായത്.