ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവം: ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍ - മൂന്നാർ പൊലീസ്
🎬 Watch Now: Feature Video
ഇടുക്കി: ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിൽ 46 കാരനായ പ്രതി രാമനെ മൂന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇടമലക്കുടി സ്വദേശിയായ ഇയാൾ സംഭവ ശേഷം ഒളിവിലായിരുന്നു. തന്ത്രപരമായി ഇടമലക്കുടിയിലെത്തിയ പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
പതിനാറുകാരിയായ പെൺകുട്ടിയേയായിരുന്നു പ്രതി വിവാഹം ചെയ്‌തത്. സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ മൂന്നാർ പൊലീസ് പോക്‌സോ ആക്റ്റ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. നിലവിൽ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ്. വിവാഹ വിവരം അറിഞ്ഞ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അന്വേഷണം നടത്തുകയും വിവാഹം റദ്ദ് ചെയ്യുന്നതിനായി കോടതിയെ സമീപിക്കുകയും കേസെടുക്കുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. പൊലീസ് എത്തുന്നത് മനസിലാക്കിയ പ്രതി വീട്ടില്‍ നിന്നും രക്ഷപെട്ടു. ഇതിന് ശേഷമാണ് തന്ത്രപൂർവ്വം പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൊടുപുഴ മലങ്കര ജലാശയത്തിലെ തുരുത്തിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയെ കഴിഞ്ഞദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതി മുട്ടം സ്വദേശി ഉദയലാല്‍ ഘോഷിനെ എറണാകുളത്തെ ലോഡ്‌ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിക്ക് സ്വന്തമായുള്ള കുട്ടവഞ്ചിയില്‍ പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോകവെ, മറ്റ് രണ്ട് കുട്ടികളെ തന്ത്രപൂര്‍വം തിരിച്ചയച്ച് പ്രതി പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.