Karnataka| സൗജന്യ ബസ് യാത്രക്കായി വേഷം കെട്ടല്‍, ബസ് സ്റ്റാന്‍ഡില്‍ പര്‍ദയും ബുര്‍ഖയും ധരിച്ച് പുരുഷന്‍, ഒടുക്കം പൊലീസ് വലയില്‍ - പൊലീസ്
🎬 Watch Now: Feature Video
ബെംഗളൂരു: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും ആഗ്രഹിച്ച ജോലി നേടാനും വ്യാജ രേഖകളും ആധാര്‍ കാര്‍ഡുകളും നിര്‍മിച്ച് പിടിക്കപ്പെടുന്ന നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരാറുണ്ട്. എന്നാല്‍ സൗജന്യമായി ബസില്‍ യാത്ര ചെയ്യാന്‍ പെണ്‍ വേഷം കെട്ടിയ ഒരാള്‍ പിടിയിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കര്‍ണാടകയിലാണ് സംഭവം. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയതിന് പിന്നാലെ കര്‍ണാടകയില്‍ സ്‌ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയിരുന്നു. ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനായി പര്‍ദ്ദയും ഒപ്പം ബുര്‍ഖയും ധരിച്ചയാളാണ് ഒടുക്കം പൊലീസിന്‍റെ വലയിലായത്.
ധാരാവഡ് ജില്ലയിലെ കുന്ദഗോള താലൂക്കിലെ സാൻസി ബസ് സ്റ്റാൻഡിലാണ് സംഭവം. പിടിയിലായതാകട്ടെ വിജയപൂരിലെ ഘോഡഗേരി സ്വദേശിയായ വീരഭദ്രായ നിങ്കയ മഠപതി എന്നയാള്‍. ഗ്രാമത്തിലെ ബസ് സ്റ്റാന്‍റില്‍ പര്‍ദ്ദയും ബുര്‍ഖയും ധരിച്ചിരിക്കുന്ന ഇയാളെ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. ഇതോടെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി ബുര്‍ഖ മാറ്റി പരിശോധന നടത്തുകയും ചെയ്‌തപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്.
പൊലീസെത്തി പര്‍ദ്ദ അഴിപ്പിച്ച ഇയാളോട് എന്തിനാണ് ഈ വേഷം ധരിച്ചതെന്ന് ചോദിച്ചപ്പോള്‍ ബസില്‍ സൗജന്യമായി യാത്ര ചെയ്യാനാണെന്നും ഘോഡഗോരി ഗ്രാമവാസിയായ താന്‍ യാചകനാണെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു യുവതിയുടെ ആധാര്‍ കാര്‍ഡും പൊലീസ് പിടിച്ചെടുത്തു. സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചത് മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.