Man Beaten To Death By Relatives | മരണവീട്ടിൽ അരുംകൊല ; അനാഥാലയ നടത്തിപ്പുകാരനെ സഹോദരങ്ങൾ കല്ലുകൊണ്ടടിച്ച് കൊന്നു - അനാഥാലയ നടത്തിപ്പുകാരനെ സഹോദരങ്ങൾ കൊന്നു
🎬 Watch Now: Feature Video
Published : Sep 6, 2023, 2:32 PM IST
|Updated : Sep 6, 2023, 3:35 PM IST
തിരുവനന്തപുരം : കാട്ടാക്കടയിൽ (Kattakada) ബന്ധുക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ അനാഥാലയ നടത്തിപ്പുകാരനെ സഹോദരങ്ങൾ കല്ല് കൊണ്ടടിച്ച് കൊന്നു (Man beaten to death by Relatives). ഇന്നലെ വൈകിട്ട് തൂങ്ങാംപാറ പൊറ്റ വിളയിൽ വച്ചാണ് സംഭവം. ഇവിടെ ഒരു ബന്ധുവിൻ്റെ മരണവീട്ടിൽ എത്തിയവരാണ് മരണവീടിന് സമീപം ഏറ്റുമുട്ടിയത്. പൂവച്ചൽ പാറ മുകളിൽ ന്യൂ ലൈഫ് ഓൾഡേജ് ഹോം എന്ന വൃദ്ധസദനം നടത്തുന്ന ചാമവിള പള്ളിത്തറ വീട്ടിൽ ജലജനെയാണ് (56) ബന്ധുക്കൾ ദാരുണമായി കൊലപ്പെടുത്തിയത്. ജലജൻ്റെ സഹോദരിയുടെ മകളുടെ ഭർത്താവായ കുറകോണം പാറമുകൾ സുനിൽ ഭവനിൽ സുനിൽ കുമാർ (35), സഹോദരൻ സാബു (33), എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ജലജൻ്റെ സഹോദരിയുടെ മകളെ സുനിൽ കുമാർ കല്യാണം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവർ തമ്മിൽ പല പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൊറ്റ വിളയിൽ ഇവരുടെ അടുത്ത ബന്ധുവിൻ്റെ സംസ്ക്കാര ചടങ്ങിനെത്തിയ സുനിലും സാബുവും മരണവീടിന് സമീപം വച്ച് ജലജനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് നടന്ന സംഘർഷത്തിൽ സഹോദരങ്ങൾ കോൺക്രീറ്റ് കല്ല് എടുത്ത് ജലജൻ്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബോധം നശിച്ചുകിടന്ന ജലജനെ വീണ്ടും കല്ല് കൊണ്ട് ഇടിച്ച ശേഷം ഇവർ സ്ഥലത്ത് നിന്നും കടന്നു. കാട്ടാക്കട പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിനുപിന്നാലെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട സുനിൽ കുമാർ പിന്നീട് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സാബുവിനെ ആമച്ചലിന് സമീപമുള്ള ഭാര്യ വീട്ടിൽ നിന്ന് കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ എടുത്തു. സുനിൽ കുമാർ കാട്ടാക്കടയിൽ ചുമട്ടുതൊഴിലാളിയാണ്. സാബു മുളമൂട് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.