കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്‌തു: യുവാവിനെതിരെ കേസ് - കെഎസ്ആർടിസി ഡ്രൈവറെ യുവാവ് മർദ്ദിച്ചു
🎬 Watch Now: Feature Video
Published : Dec 4, 2023, 2:50 PM IST
എറണാകുളം: ആലുവ മുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് മർദ്ദിച്ചതായി പരാതി.(Aluva road rage incident) ബസിനെ പിന്തുടർന്ന് എത്തി റോഡിൽ തടഞ്ഞിട്ടായിരുന്നു മർദ്ദനം. കുടുംബവുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവാണ് ബസ് അപകടകരമായി ഓടിച്ചുവെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ മർദ്ദിച്ചത്. യുവാവ് കെഎസ്ആർടിസി ഡ്രൈവറെ ചോദ്യം ചെയ്‌തുകൊണ്ട് മോശം ഭാഷയിൽ സംസാരിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ബസ് സർവീസ് മുടങ്ങുകയും യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയും ചെയ്‌തു. അകാരണമായി യുവാവ് മർദ്ദിച്ചുവെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്. ഡ്രൈവറുടെ പരാതിയിൽ ആലുവ ഈസ്റ്റ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം ആലുവ മുട്ടത്ത് വെച്ചായിരുന്നു സംഭവം നടന്നത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് യുവാവ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്‌തത്. ഡ്രൈവർ അശ്രദ്ധയോടെ ബസ് ഓടിച്ചതിനെ തുടർന്ന് അപകടത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടെന്നാണ് യുവാവിന്‍റെ ആരോപണം. സംഭവ സമയം ഇയാളോടൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.