മകരവിളക്ക് മഹോത്സവം: മകരജ്യോതി ദർശനത്തിനായി പുല്ലുമേട് സജ്ജം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി - Pullumedu
🎬 Watch Now: Feature Video
Published : Jan 15, 2024, 6:35 PM IST
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിലെത്തുന്ന ഭക്തർക്കായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് മകരവിളക്ക് ദിനമായ ഇന്ന് മകര ജ്യോതി ദർശനത്തിനായി പുല്ലുമേടിൽ എത്തുന്ന അയ്യപ്പ ഭക്തർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി പുല്ലുമേട്ടിൽ സന്ദർശനം നടത്തിയത്. പുല്ലുമേട് സന്ദർശനത്തിന് മുന്നോടിയായി ഡിഐജി വണ്ടിപ്പെരിയാറിൽ എത്തിയ ശേഷം പുല്ലുമേട്ടിലേക്ക് പോവുന്ന പോലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് യോഗം ചേർന്നത്. യോഗത്തിൽ പുല്ലുമേട്ടിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശം നൽകി. പുല്ലുമേട്ടിൽ നിന്നും സുരക്ഷിതമായി മകരവിളക്ക് ദർശിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യോഗത്തിൽ വിലയിരുത്തി. പുല്ലുമേട്ടിലും മറ്റു പ്രദേശങ്ങളിലും അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി 1400 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് എസ്‌പിമാർ, എട്ട് ഡിവൈഎസ്‌പിമാർ എന്നിവർ സുരക്ഷാക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. മകരവിളക്ക് ദർശനത്തിനുശേഷം പുല്ലുമേട് വഴി അയ്യപ്പ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുകയില്ല. മകരവിളക്ക് ദർശനത്തിനായിഅയ്യപ്പ ഭക്തരെ വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിൽ എത്തിക്കുന്നതിനുള്ള കെഎസ്ആർടിസി സർവീസ് വണ്ടിപ്പെരിയാറിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തർ തിരികെ പോകേണ്ടതും കോഴിക്കാനം വള്ളക്കടവ് വഴിയാണ്. പുല്ലുമേട്ടിൽ മകരവിളക്ക് ദർശനത്തിനായി സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം പുല്ലുമേട്ടിൽ നിന്നും മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ പാർക്കിംഗ് ക്രമീകരണം വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും കെഎസ്ആർടിസി ബസിലൂടെയാണ് അയ്യപ്പഭക്തർ മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിൽ എത്തുന്നത്. യോഗത്തിന് ശേഷം പുട്ട വിമലാദിത്യ ഇടുക്കി ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പുല്ലുമേട്ടിലേക്ക് തിരിച്ചു.