Leopard Presence In Olavanna Kozhikode: ഒളവണ്ണയില്‍ വീണ്ടും പുലിയെന്ന് ജനം, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്
🎬 Watch Now: Feature Video
Published : Oct 19, 2023, 8:04 PM IST
കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങൾ വീണ്ടും പുലി ഭീതിയിലായി (Leopard Presence In Olavanna Kozhikode). രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതോടെയാണ് പ്രദേശങ്ങളിൽ വീണ്ടും ഭീതി പരന്നത് (Leopard fear Olavanna). പന്തിരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപം മൂർക്കനാട് ബുധനാഴ്‌ച വൈകുന്നേരം രാമദാസ് എന്നയാളുടെ വീടിനു സമീപത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. വീട്ടുകാർ ബഹളം വച്ചതോടെ ജീവി ഓടി രക്ഷപ്പെട്ടു. പുലിയോട് സാദൃശ്യമുള്ള ജീവി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് സൈക്കിളിൽ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. പുലിയെ പലരും കണ്ടതോടെ നാട്ടുകാർ താമരശ്ശേരി റെയിഞ്ച് ഓഫിസിൽ വിവരമറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തു. പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ട ഇടങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപ്പാടുകൾ പരിശോധിച്ചു. പരിശോധനയിൽ വലിയ കാട്ടുപൂച്ചയുടെയും മുള്ളൻ പന്നിയുടെയും കാൽപാദങ്ങൾ പതിഞ്ഞതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ ഭാഗങ്ങളിലെല്ലാം വ്യാപകമായി കാട് നിറഞ്ഞു കിടക്കുന്നതിനാൽ കാട്ടുപൂച്ചയുടെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധനയ്ക്ക് താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ ഷാജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി വി ബിനീഷ് കുമാർ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ അബ്‌ദുല്‍ കരീം, അബ്‌ദുല്‍ നാസർ, ഡ്രൈവർ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.