thumbnail

By

Published : Jul 26, 2023, 8:29 PM IST

ETV Bharat / Videos

Article 21| 'ആരുടെയും ഹൃദയത്തില്‍ തൊടും, ജനപ്രതിനിധികള്‍ തീര്‍ച്ചയായും കാണേണ്ടത്': കെവി തോമസ്

തിരുവനന്തപുരം: 'ആര്‍ട്ടിക്കിള്‍ 21' എന്ന സിനിമ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണണമെന്ന് കെവി തോമസ്. രണ്ട് വര്‍ഷമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആറ് മാസം മുന്‍പാണ് താന്‍ ഒരു ഹോം തിയേറ്ററില്‍ ഇത് കണ്ടത്. നമ്മുടെ ചിന്തകളെ പിടിച്ച് നിര്‍ത്തുന്ന ഉള്ളടക്കമാണ് ചിത്രത്തിന്‍റേത്. തിരുവനന്തപുരം കേസരി ഹാളില്‍ സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിമനോഹരമായ അവതരണ ശൈലിയുള്ള ചിത്രം ആരുടെയും ഹൃദയത്തില്‍ തൊടുമെന്നും മെട്രോ സിറ്റിക്ക് മറ്റൊരു മുഖമുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ തൂണിന് താഴെ ഒരു ഉപേക്ഷിക്കപ്പെട്ട ബസിലാണ് ഒരു തമിഴ് കുടുംബം താമസിക്കുന്നത്. ആക്രി കച്ചവടം നടത്തി ജീവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ സുമനസുകള്‍ എങ്ങനെ കടന്നു വന്നുവെന്ന് ചിത്രത്തില്‍ കാണാം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഈ ചിത്രം കാണണമെന്നും കെവി തോമസ് പറഞ്ഞു. പച്ചവെള്ളം പോലെ നമുക്ക് ആവശ്യമായ കാര്യമാണ് വിദ്യാഭ്യാസം എന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്നും സിനിമയുടെ സംവിധായകനും എഴുത്തുകാരനുമായ ലെനിന്‍ ബാലകൃഷ്‌ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസം മൗലിക അവകാശമാണെന്ന് ചൂണ്ടിക്കാട്ടുന്ന നയമാണ് നമ്മുടെ രാജ്യത്തുള്ളതെന്നും കെവി തോമസ് പറഞ്ഞു.  

'ആര്‍ട്ടിക്കിള്‍ 21' പ്രതികരണവുമായി ലെനിന്‍ ബാലകൃഷ്‌ണന്‍: ഏഴ്‌ വര്‍ഷം മുമ്പാണ് ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിന് കഥയെഴുതി തുടങ്ങിയതെന്ന് സംവിധായകന്‍ ലെനിന്‍ ബാലകൃഷ്‌ണന്‍ പറഞ്ഞു. അര്‍ഹിക്കുന്ന സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയിരിക്കണമെന്നും കേരളത്തില്‍ നടക്കുന്ന ഒരു ചലച്ചിത്ര മേളക്ക് പ്രവേശനം ലഭിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ലെന്നും ലെനിന്‍ പറഞ്ഞു.  2020 ലാണ് ചിത്രം അവാര്‍ഡിന് സമര്‍പ്പിച്ചത്. എന്നാല്‍ പരിഗണിച്ചില്ലെന്നും സംവിധായകന്‍ വിമര്‍ശിച്ചു.  കാമറകള്‍ ഒളിച്ച് വച്ച് പലപ്പോഴും സിനിമയിലെ സീനുകള്‍ ഷൂട്ട് ചെയ്‌തിരുന്നതായും സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ ലെന ഒരു ജ്യൂസ് കടയിലേക്ക് പോകുന്ന സീനുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വച്ചാണ് ഷൂട്ട് ചെയ്‌തത്. ലെന ജ്യൂസ് കടയിലേക്ക് എത്തുമ്പോള്‍ അവിടെയുള്ളവര്‍ കടയില്‍ നിന്നും പുറത്ത് പോകുന്നത് ഈ സീനില്‍ വളരെ നന്നായി പകര്‍ത്താന്‍ കഴിഞ്ഞുവെന്നും ലെന വളരെ നന്നായി ഈ സീനില്‍ പെര്‍ഫോം ചെയ്‌തുവെന്നും സംവിധായകന്‍ ലെനിന്‍ ബാലകൃഷണന്‍ പറഞ്ഞു. സംവിധായകന്‍റെ അനിയനും ചിത്രത്തിലെ ബാലതാരവുമായ ലെസ്വിനും സിനിമ പ്രചാരണത്തിനെത്തിയിരുന്നു. ചിത്രത്തില്‍ തമിഴ് ബാലനായി അഭിനയിക്കാന്‍ ആദ്യമൊക്കെ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്ന് ലെസ്വിന്‍ പറഞ്ഞു. വെള്ളിയാഴ്‌ചയാണ് (ജൂലൈ 28) ചിത്രത്തിന്‍റെ റിലീസ്. ലെന, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വാക് വിത്ത് സിനിമാസിന്‍റെ ബാനറില്‍ പ്രസീന, ജോസഫ് ധനൂപ് എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിജെ ഹരി നാരായണന്‍ ഗാനരചന നിര്‍വഹിച്ച ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നതും പശ്ചാത്തല സംഗീതം ഒരുക്കിയതും ഗോവി സുന്ദറാണ്. 

also read: ARTICLE 21| ലെന, അജു വർഗീസ്, ജോജു ജോർജ് ഒന്നിക്കുന്ന 'ആർട്ടിക്കിൾ 21' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.