അയ്യപ്പഭക്തരുടെ വേഷത്തിൽ വിജിലൻസ്, 1000 രൂപ കൈക്കൂലി; കുമളി ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന - വിജിലൻസ് പരിശോധന
🎬 Watch Now: Feature Video
Published : Dec 31, 2023, 1:39 PM IST
ഇടുക്കി : കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ വ്യാപക ക്രമക്കേട് കണ്ടെത്തി (Kumily Check Post Vigilance Inspection). ഓഫിസ് സമൂച്ചയത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് പിടിച്ചെടുത്തു. എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജിഎസ്‌ടി എൻഫോഴ്സ്മെന്‍റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫിസ് സമുച്ചയത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ 1000 രൂപ കൈക്കൂലിയായി വാങ്ങി. തുടർന്ന് കൂടുതൽ വിജിലൻസ് സംഘമെത്തി ഓഫിസ് സമുച്ചയത്തിൽ പരിശോധന നടത്തി. ഉപേക്ഷിച്ച നിലയിലായിരുന്ന പ്രിന്‍ററിന്‍റെ ഉള്ളിലും കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000ത്തിലധികം രൂപ വിജിലൻസ് കണ്ടെടുത്തു. ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ലോഡ്‌ജിലും പരിശോധന നടത്തി. പിടിച്ചെടുത്ത പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഓൺലൈൻ പെർമിറ്റ് എടുത്തു വരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലൻസ് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് സംഘം പിടികൂടിയിരുന്നു.