Kumbla Student Death Case : കുമ്പളയിലെ കാറപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം : എസ്‌ഐയുടെ കുടുംബത്തിന് ഭീഷണി, വീഡിയോ പുറത്ത് - kerala news updates
🎬 Watch Now: Feature Video
Published : Aug 31, 2023, 1:32 PM IST
കാസർകോട് : കുമ്പളയിൽ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാർ അപകടത്തില്‍പ്പെട്ട് വിദ്യാർഥി മരിച്ച (Kumbla Student Death Case) സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്‍റെ കുടുംബത്തിനുനേരെ ഭീഷണി. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് മുന്നില്‍ നിന്നും ഭീഷണി മുഴക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്‌ഐ രജിത്തിന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഭീഷണി മുഴക്കിയവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന സൂചന. പ്ലസ് ടു വിദ്യാര്‍ഥിയായ ഫര്‍ഹാസിന്‍റെ മരണത്തില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എസ്‌പി പറഞ്ഞിരുന്നു. കേസില്‍ എസ്.ഐ രജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ദീപു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് നിയമ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവത്തിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. യൂത്ത് ലീഗിന് പിന്നാലെ മറ്റ് യുവജന സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ഓഗസ്റ്റ് 25) അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫര്‍ഹാസ് കാര്‍ അപകടത്തില്‍ മരിച്ചത്. സ്‌കൂളില്‍ നിന്നും ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.