KSRTC Kozhikode Mavoor Via To Palakkad കോഴിക്കോട് നിന്നും മാവൂർ വഴി പാലക്കാട്ടേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സർവീസിന് തുടക്കമായി - കെഎസ്ആർടിസിയുടെ കോഴിക്കോട് ഡിപ്പോ
🎬 Watch Now: Feature Video
Published : Oct 4, 2023, 7:57 AM IST
കോഴിക്കോട്: കെഎസ്ആർടിസിയുടെ കോഴിക്കോട് ഡിപ്പോയിൽ നിന്നും മാവൂർ വഴി പാലക്കാട്ടേക്കുള്ള ആദ്യ സർവീസിന് തുടക്കമായി (KSRTC Kozhikode Mavoor Via To Palakkad). കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവിൽ നിർമിച്ച പാലം വഴിയാണ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ എളമരം, എടവണ്ണപ്പാറ, കൊണ്ടോട്ടി, പെരിന്തൽമണ്ണ വഴിയാണ് പാലക്കാട് സർവീസ് നടത്തുന്നത്. നേരത്തെ മലപ്പുറം ഡിപ്പോയിൽ നിന്നും ഇതേ വഴി പാലക്കാട്ടേക്കും കോഴിക്കോടും ബന്ധപ്പെടുത്തി ഒരു കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരുന്നു. ഈ സർവീസ് ലാഭകരമായതാണ് കോഴിക്കോട് ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കാൻ കാരണമായത്. രാവിലെ 6:25 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച് 11:30 ന് പാലക്കാട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത്. തുടർന്ന് 12 മണിക്ക് പാലക്കാട് നിന്നും ആരംഭിച്ച് വൈകിട്ട് 4:35ന് കോഴിക്കോട് തിരിച്ചെത്തും. അതിനു ശേഷം 4:55ന് കോഴിക്കോട് നിന്നും വീണ്ടും മാവൂർ വഴി കൊണ്ടോട്ടിയിലേക്ക് സർവീസ് നടത്തും. തിരിച്ച് 7:45 ഓടുകൂടി കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ എത്തി യാത്ര അവസാനിപ്പിക്കും. കെഎസ്ആർടിസിയുടെ ആദ്യ സർവീസിന് ഊഷ്‌മള സ്വീകരണമാണ് മാവൂരിലും എളമരത്തും നൽകിയത്. മാവൂരിൽ കെഎസ്ആർടിസി ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മാലയിട്ടാണ് കെഎസ്ആർടിസിയുടെ ആദ്യ പാലക്കാട് യാത്രയെ സ്വീകരിച്ചത്. എളമരം അങ്ങാടിയിൽ കെഎസ്ആർടിസിക്ക് ജനകീയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെഎസ്ആർടിസി ജീവനക്കാരെ പൊന്നാട അണിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്‌തുമാണ് എളമരത്ത് സ്വീകരണം ഒരുക്കിയത്.