കെഎസ്ആർടിസി കൊറിയർ സർവീസ്; കോട്ടയം ജില്ലയിൽ തിങ്കളാഴ്‌ച പ്രവർത്തനമാരംഭിക്കും - കൊറിയർ സർവീസ്
🎬 Watch Now: Feature Video
കോട്ടയം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് തിങ്കളാഴ്ച്ച മുതൽ കോട്ടയം ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു. കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി എന്നീ ഡിപ്പോകളിലാണ് കൊറിയർ സർവീസ് ആരംഭിക്കുന്നത്.
വരുമാന വർധനവും വൈവിധ്യ വൽക്കരണവും ലക്ഷ്യമാക്കിയാണ് കൊറിയർ സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ 56 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്. പൊതുജനങ്ങൾക്ക് തൊട്ടടുത്തുള്ള ഡിപ്പോകളിൽ നിന്നും പാഴ്‌സൽ സാധനങ്ങൾ കൈപ്പറ്റാവുന്ന രീതിയിലാണ് കൊറിയർ സംവിധാനത്തിന്‍റെ പ്രവർത്തനം.
കേരളത്തിന് പുറമേ ബെംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും. കോട്ടയം, പാലാ, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നി ഡിപ്പോകളിൽ തിങ്കളാഴ്‌ച മുതൽ കൊറിയർ സർവീസ് പ്രവർത്തനം ആരംഭിക്കും.
കെഎസ്ആർടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസ് വഴിയാകും കൊറിയർ സർവീസിന്‍റെ പ്രവർത്തനം. നഗരങ്ങളിലും ദേശീയപാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാകും പ്രവർത്തനം.
നിലവിലുള്ള കൊറിയർ സർവീസ് കമ്പനികൾക്കും കെഎസ്ആർടിസിയുടെ കൊറിയർ സംവിധാനം പ്രയോജനപ്പെടുത്താം. 200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് നിരക്ക്. 50 ഗ്രാമിന് 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പാഴ്‌സൽ ശേഖരിക്കുവാൻ തിരിച്ചറിയിൽ കാർഡ് ആവശ്യമാണ്. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.