ഫാസ് ടാഗിൽ പണമില്ല, കെഎസ്ആർടിസി ബസ് പാലിയേക്കര ടോളിൽ തടഞ്ഞിട്ടു, യാത്രക്കാര്‍ പെരുവഴിയിൽ
🎬 Watch Now: Feature Video
Published : Dec 20, 2023, 12:32 PM IST
തൃശൂര്‍: ഫാസ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസ് പാലിയേക്കര ടോളിൽ (Thrissur Paliyekkara Toll Plaza) തടഞ്ഞിട്ടു. ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ഓർഡിനറി ബസാണ് ടോൾ ബൂത്തിൽ തടഞ്ഞിട്ടത് (KSRTC bus stopped due to fastag money). ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി വന്ന ബസ് കടത്തിവിടാൻ ടോൾ അധികൃതർ തയ്യാറാകാതെ വന്നതോടെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കയ്യൊഴിയുകയായിരുന്നു. വയോധികരും കൈക്കുഞ്ഞുമായെത്തിയ സ്ത്രീകള്‍ ഉൾപ്പടെയുള്ള യാത്രക്കാർ വെയിൽ കൊണ്ട് വലഞ്ഞു (Passengers in trouble in ksrtc). പിന്നീട് വന്ന സ്വകാര്യ ബസുകളിലാണ് ഇവർ യാത്ര തുടർന്നത്. ഫാസ് ടാഗിൽ പണമില്ലെങ്കിൽ ഇരട്ടി തുക അടച്ചാൽ മാത്രമേ ടോൾ കടക്കാൻ കഴിയുകയുള്ളൂ. പണം അടച്ച് ടോൾ കടക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഫാസ് ടാഗിൽ പണമുണ്ടോയെന്ന് പരിശോധിക്കാതെ വന്ന ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർ ക്ഷുഭിതരായി. ഏത് ഡിപ്പോയിലെ ബസാണെന്ന് പോലും ജീവനക്കാർക്ക് അറിയില്ലെന്നാണ് പറഞ്ഞതെന്ന് യാത്രക്കാർ പറയുന്നു.