കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്‌റ്റ് പ്രവർത്തകൻ സംഘത്തിൻ്റെ പ്രധാന സന്ദേശവാഹകനെന്ന് പൊലീസ് ; റിമാന്‍ഡ് ചെയ്‌ത് കോടതി - കേരളത്തിലെ മാവോയിസ്‌റ്റ് ആക്രമണങ്ങള്‍
🎬 Watch Now: Feature Video
Published : Nov 8, 2023, 8:46 PM IST
|Updated : Nov 8, 2023, 10:27 PM IST
കോഴിക്കോട് : കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്‌റ്റ് പ്രവർത്തകൻ തമിഴ്‌നാട്-കേരള മാവോയിസ്‌റ്റ് സംഘത്തിൻ്റെ പ്രധാന സന്ദേശവാഹകനെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. ആക്രമണം നടത്തുന്ന മാവോവാദി സംഘത്തിന് ആവശ്യമായ രേഖകൾ കൈമാറിയത് അനീഷ് ബാബുവാണെന്നും പൊലീസ് അറിയിച്ചു. മലപ്പുറം എടക്കര മാവോയിസ്‌റ്റ് കേസ് റിപ്പോർട്ട് ചെയ്‌ത 2017 ന് മുമ്പ് തന്നെ അനീഷ് കേരള സംഘത്തോടൊപ്പം സജീവമായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിൻ്റെ വിശദാംശങ്ങൾ തേടി എൻഐഎ സംഘവും അനീഷിനെ ചോദ്യം ചെയ്‌തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിൻ്റെ ലിസ്‌റ്റിലുള്ള പ്രതിയാണ് മുപ്പതുകാരനായ അനീഷ്. അവരുടെ സംഘവും തമിഴ്‌നാട് എസ്ഐടിയും കൊയിലാണ്ടി സ്‌റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ അന്വേഷണ സംഘം യുഎപിഎ ചേർത്ത് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. തുടര്‍ന്ന് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി. എന്നാല്‍ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ ജില്ല സെഷൻസ് കോടതി വ്യാഴാഴ്‌ച (09.11.2023) പരിഗണിക്കും. അതേസമയം പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡറായ അനീഷ് ബാബുവിനെ ചൊവ്വാഴ്‌ച വൈകിട്ടാണ് പിടികൂടുന്നത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിയായ ഇയാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകിട്ട് അഞ്ച് മണിയോടെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ ബുധനാഴ്‌ച പുലർച്ചെ ഒന്നേമുക്കാലിന് കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയിരുന്നു.