'ശ്രദ്ധയുടെ ഹോസ്‌റ്റല്‍ മുറിയില്‍ നിന്ന് ലഭിച്ച കത്ത് ആത്മഹത്യ കുറിപ്പാണോ എന്ന് പരിശോധിക്കും'; കോട്ടയം എസ്‌പി കെ കാർത്തിക്
🎬 Watch Now: Feature Video
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി ശ്രദ്ധയുടെ ഹോസ്‌റ്റൽ മുറിയിൽ നിന്ന് ലഭിച്ച കത്തിനെക്കുറിച്ച് ജില്ല പൊലീസ് മേധാവി കെ കാർത്തിക്. വിദ്യാര്‍ഥിനിയുടെ ഹോസ്‌റ്റല്‍ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കിട്ടി എന്ന് മാത്രമെ പറഞ്ഞിട്ടുള്ളു. എന്നാൽ ഇത് ആത്മഹത്യക്കുറിപ്പാണോ എന്ന് ഫോറൻസിക് പരിശോധനയിൽ മാത്രമേ വ്യക്തമാകുവെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ പരാതികളും വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടികൾക്കെതിരെ നടപടി ഉണ്ടാകില്ല. ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
കുട്ടികളുടെ ഭാവി തകർക്കുന്ന ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പൊലീസ് പിന്‍വലിച്ചിരുന്നു.
അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമരം ചെയ്യുന്ന കുട്ടികള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. ചില സ്വാശ്രയ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അനാവശ്യമായി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിദ്യാര്‍ഥികളുടെ അവകാശ പ്രഖ്യാപന രേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.