മഴ മറയിട്ട് ടാപ്പിങ് തുടങ്ങി; വിലയിടിവിനെ തുടർന്ന് റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിൽ

By

Published : Jul 1, 2023, 2:01 PM IST

thumbnail

കോട്ടയം: റബർ വില ഉയരുമെന്ന് പ്രതീക്ഷിച്ച് റബറിന് മഴ മറയിട്ട് ടാപ്പിങ് തുടങ്ങിയ കർഷകർ വിലയിടിവിനെ തുടർന്ന് പ്രതിസന്ധിയിലാണ്. ജനുവരിയ്ക്കു ശേഷം റബർ വിലയിലെ മാറ്റം വന്നത് കണ്ടാണ് സബ്‌സിഡി പ്രതീക്ഷിച്ച് മഴക്കാല ടാപ്പിങ് സജീവമാക്കാൻ കർഷകർ ഇറങ്ങിയത്. വേനൽ കാലത്ത് റബർ ഷീറ്റിന് വിലവർധിച്ച സാഹചര്യം കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നു.

ഇതേതുടർന്ന് മഴക്കാല ടാപ്പിങ്ങിനു വേണ്ടി റബർ മരങ്ങളിൽ പ്ലാസ്‌റ്റിക് മറ ഒട്ടിച്ച കർഷകരാണ് പ്രതിസന്ധിയിലായത്. വൻതോതിൽ പണം മുടക്കി ഷെയ്‌ഡ് ഇട്ടു കഴിഞ്ഞപ്പോൾ റബർ വിലയിടിഞ്ഞു. ഒരു മരത്തിന് പ്ലാസ്‌റ്റിക് ഒട്ടിക്കുന്നതിനായി 30, 40 രൂപയാണ് കർഷകർ മുടക്കിയത്. ടാപ്പിങ്ങിന് മുന്നോടിയായി റബർ തോട്ടം വൃത്തിയാക്കാനും കർഷകർക്ക് പണം ഏറെ ചെലവായി. 

പ്രതിസന്ധികളെല്ലാം മറികടന്ന് ഉത്പാദനം ആരംഭിച്ച് ഷീറ്റും ഒട്ടുപാലുമായി കടകളിൽ എത്തിയപ്പോഴേയ്ക്കും വിലയും കുറഞ്ഞു തുടങ്ങി. ഏറെക്കാലത്തിനു ശേഷം 160 രൂപ പിന്നിട്ട റബർ വില രണ്ടാഴ്‌ച മുമ്പാണ് കുറഞ്ഞു തുടങ്ങിയത്. നിലവിൽ റബർ ബോർഡ് വില 152.50 രൂപയാണെങ്കിലും ആർഎസ്‌എസ് 4 ഗ്രേഡിനു വ്യാപാരികൾ നൽകുന്ന വില 148 രൂപയാണ്. 

100 രൂപ വരെയെത്തിയ ഒട്ടുപാൽ വില 75 രൂപയായി. ലാറ്റക്‌സ് വില 155 രൂപ വരെയായി. 170 രൂപയാണ് വിലയെങ്കിലും കർഷകർക്ക് ലഭിക്കുന്നത് 155 രൂപ മാത്രമാണ്. 

അതേസമയം, ടയർ വ്യവസായികൾ വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എല്ലാ വർഷവും, സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി വില ഉയർത്തുകയും ടാപ്പിങ് ആരംഭിക്കുമ്പോൾ വില കുറയ്ക്കുകയും ചെയ്യുന്നതാണ് വ്യവസായികളുടെ തന്ത്രമെന്ന് കർഷകർ പറയുന്നു. റബർ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ നല്ല വില കിട്ടുമെന്നിരിക്കെ കമ്പനികൾ വ്യാപകമായി റബർ ഇറക്കുമതി നടത്തുകയാണ്. കർഷകരെ സഹായിക്കാൻ സർക്കാരും റബർ ബോർഡും തയാറായില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് കർഷകർ പറയുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.