എരുമേലി ശബരി ഇന്‍റർനാഷണൽ എയർപോർട്ട്: സർവേ നടപടികൾ ആരംഭിച്ചു - എരുമേലി ശബരി ഇന്‍റർനാഷണൽ എയർപോർട്ട്
🎬 Watch Now: Feature Video
Published : Nov 29, 2023, 8:55 AM IST
എരുമേലി: നിർദിഷ്‌ട എരുമേലി ശബരി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ (Erumeli Sabari International Airport) സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സർവേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ എന്നിവർ സംയുക്തമായി നിർവഹിച്ചു. സർവേ നടപടികൾ പൂർത്തീകരിക്കുന്നതിന് ടെൻഡർ ഏറ്റെടുത്തിട്ടുള്ളത് എറണാകുളം ആസ്ഥാനമായ മെറിഡിയൻ സർവേ ആൻഡ് മാപ്പിങ് എന്ന സ്ഥാപനമാണ്. പ്രസ്‌തുത കമ്പനിയും, വിമാനത്താവള നിർമ്മാണത്തിന്‍റെ ഔദ്യോഗിക കൺസൾട്ടിങ് ഏജൻസിയായ ലൂയി ബർഗറും ചേർന്ന് സർവ്വേ നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇപ്പോഴുള്ള പ്രാഥമിക നിഗമന പ്രകാരം ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 200 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. എന്നാൽ സർവേ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിന് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്‍റെ വിസ്‌തൃതിയും, രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും. സർവേ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി ലാൻഡ് അക്വസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്‍റ് ആക്‌ട് 2013 സെക്ഷൻ 11(1) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് വസ്‌തു ഉടമകൾക്ക് മതിയായ നഷ്‌ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും. അതോടൊപ്പം പുനരധിവാസ പാക്കേജും പ്രഖ്യാപിക്കും. വസ്‌തു ഏറ്റെടുത്ത് 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ശബരി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.