പൊതുതാത്പര്യത്തിന് ഭരണ-പ്രതിപക്ഷ ഭേദം വേണ്ട; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു - കേന്ദ്ര അവഗണന
🎬 Watch Now: Feature Video
Published : Jan 14, 2024, 12:42 PM IST
തിരുവനന്തപുരം : കേരളത്തിന്‍റെ പൊതുതാത്പര്യത്തിന് ഭരണ-പ്രതിപക്ഷ ഭേദം വേണ്ടെന്നും പ്രതിപക്ഷം സഹകരിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ (finance minister KN Balagopal). കേരളത്തോടുള്ള കേന്ദ്ര അവഗണന സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സര്‍ക്കാരുമായി സഹകരിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് കേരളത്തോട് ഉണ്ടാകുന്നത്. കേരളത്തിന്‍റെ താൽപര്യത്തിനുവേണ്ടി മുഴുവൻ കേരളീയരും ഒരുമിച്ച് നിൽക്കണം. കുറച്ചുകൂടി പ്രായോഗിക സമീപനം പ്രതിപക്ഷം സ്വീകരിക്കണം. പാർലമെന്‍റിൽ അടക്കം ഒന്നിച്ച് നീങ്ങാൻ കഴിയുമായിരുന്നു. കേരളത്തിന് ലഭിക്കേണ്ട അർഹമായ വിഹിതം നൽകുന്നില്ല എന്ന പ്രശ്‌നമാണ് കേന്ദ്ര അവഗണനയുടെ ഭാഗമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ കോടതിയെ അടക്കം സമീപിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ നിക്ഷേപവും തൊഴിലവസരവും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ബജറ്റ് നിർദേശമായി ഉണ്ടാകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. ജനുവരി 15 ന് രാവിലെ 10 ന് ആണ് ചർച്ച. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. സര്‍ക്കാര്‍ അവര്‍ക്കു പറയാനുള്ളതു പറയട്ടെ, പ്രതിപക്ഷത്തിനു പറയാനുള്ളത് തങ്ങള്‍ക്കും പറയാമല്ലോ എന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും പിടിപ്പു കേടുമാണ്. അത് കേന്ദ്രത്തിന്‍റെ തലയില്‍ ചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.