വേതനമില്ലാതെ ഒരു വർഷം; ജീവിതം തുന്നിച്ചേർക്കാനാകാതെ കോട്ടയത്തെ നെയ്ത്ത് തൊഴിലാളികൾ
🎬 Watch Now: Feature Video
കോട്ടയം: സർക്കാർ നൽകേണ്ട മിനിമം വേതനം കിട്ടാത്തതിനെത്തുടർന്ന് റിലേ സമരവുമായി കോട്ടയം ജില്ലയിലെ നെയ്‌ത്ത് തൊഴിലാളികൾ. കോട്ടയം ഖാദി ബോർഡ് ജില്ല ഓഫീസിന് മുൻപിൽ മാർച്ച് 20 മുതൽ ജീവനക്കാർ റിലേ സമരം നടത്തിവരികയാണ്. ഖാദി വർക്കേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം.
സർക്കാർ നൽകുന്ന മിനിമം വേജസും ബോർഡ് നൽകുന്ന വേജസും ഒന്നിച്ച് ലഭ്യമക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരു വർഷത്തോളമായി ജില്ലയിലെ തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്നാണ് പരാതി. ഒരാൾക്ക് കുടിശികയായി 1 ലക്ഷം രൂപയാണ് കിട്ടാനുള്ളത്.
മിനിമം വേതനം കിട്ടാതെ വന്നതോടെ സ്‌ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്. ഖാദി ബോർഡാണ് ഇവർക്ക് ശമ്പളം കൊടുക്കുന്നത്. ജോലിക്കനുസരിച്ചാണ് കൂലി നിശ്ചയിക്കുന്നത്. ഇതോടെപ്പം സർക്കാർ നൽകുന്ന മിനിമം വേജസ് കൂടി കിട്ടിയാലേ ഇവർക്ക് പിടിച്ചു നിൽക്കാനാകൂ.
ഒരു മാസം തൊഴിലാളികൾക്ക് ലഭിക്കുന്ന വരുമാനം 3000 രൂപയിൽ താഴെയാണ്. ഒരു വർഷമായി മിനിമം വേജസ് കിട്ടുന്നില്ല. പലപ്പോഴും വൈകിയാണ് ഈ തുക ലഭിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഓണത്തിന് ശേഷം ശമ്പളവും ഡിഎയും ലഭിച്ചിട്ടില്ല.
ഉല്‍പ്പാദനമുണ്ട് ശമ്പളമില്ല: നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രോജക്‌ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്. വൈക്കം ഉദയനാപുരം, മുട്ടുചിറ, ഇരവിനെല്ലൂർ, അമയന്നൂർ, ആറുമാനൂർ, പാമ്പാടി, കളത്തൂർ, നെടുംകുന്നം, ചിറക്കടവ്, കിടങ്ങൂർ, മണിമല, വാഴൂർ, നട്ടാശേരി, പേരൂർ, ബ്രഹ്മമംഗലം, കല്ലറ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 നെയ്‌ത്ത് കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 360 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.