11 മാസമായി അധ്യാപകർക്ക്‌ ശമ്പളമില്ല, കുട്ടികൾക്ക്‌ ഉച്ചഭക്ഷണവും..! കാസര്‍കോട് ഇങ്ങനെയും ഒരു സ്‌കൂൾ - ആലൂര്‍

🎬 Watch Now: Feature Video

thumbnail

By

Published : Aug 9, 2023, 6:44 PM IST

കാസര്‍കോട് : വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമില്ല, 11 മാസമായി ശമ്പളം കിട്ടാതെ അധ്യാപകരും. സംസ്ഥാനത്തെ സ്‌കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാകുമ്പോള്‍ സര്‍ക്കാരിന്‍റെ അവഗണയേറ്റുവാങ്ങുകയാണ് കാസര്‍കോട്ടെ ഈ സ്‌കൂള്‍. ആലൂര്‍ ഏകാധ്യാപക വിദ്യാലയമാണിത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികൾ അടക്കം എൺപതിലധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയം. തുടക്കത്തില്‍ ഒരു അധ്യാപിക മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പോകപ്പോകെ കുട്ടികളുടെ എണ്ണം കൂടി, അതോടെ ഒരു അധ്യാപികയെ കൂടി നിയമിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയുണ്ടായി. ആലൂര്‍ സ്‌കൂളിനും പൂട്ടിടാന്‍ അക്കൂട്ടത്തില്‍ ഉത്തരവുണ്ടായി. സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാര്‍ഥികളെ മറ്റ് വിദ്യാലയങ്ങളിലേക്ക് മാറ്റാനായിരുന്നു വകുപ്പ് നിര്‍ദേശം. എന്നാല്‍ ആലൂര്‍ സ്‌കൂളിനെ വിട്ടുകളയാന്‍ നാട്ടുകാര്‍ ഒരുക്കമായിരുന്നില്ല, അവര്‍ ചെറുത്തുനില്‍പ്പ് ആരംഭിച്ചു. പ്രതിഷേധം കനത്തതോടെ അടച്ചുപൂട്ടേണ്ടവയുടെ പട്ടികയില്‍ നിന്ന് ഈ സ്‌കൂളിനെ സര്‍ക്കാര്‍ ഒഴിവാക്കി. നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായെങ്കിലും ആനുകൂല്യങ്ങള്‍ നിന്നു. സഹായമെത്താതായതോടെ സ്‌കൂളിന്‍റെ അവസ്ഥ പരിതാപകരമായി. സ്ഥിതി മോശമായതോടെ പല കുട്ടികളും മറ്റിടങ്ങളിലേക്ക് മാറി. 11 മാസമായി ശമ്പളം കിട്ടാതെയാണ് രണ്ട് അധ്യാപകര്‍ ഇവിടെ പഠിപ്പിക്കാനെത്തുന്നത്. തങ്ങള്‍ കാരണം കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് കരുതിയാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ അടക്കം 50 പേരാണ് ഇവിടെ പഠിക്കാനെത്തുന്നത്. സ്‌കൂളിന്‍റെയും അധ്യാപകരുടെയും പ്രശ്‌നം പരിഹരിക്കാനാവശ്യമായ അടിയന്തര സര്‍ക്കാര്‍ ഇടപെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.