കാസര്‍കോട് ഓട വൃത്തിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു ; 2 കർണാടക സ്വദേശികൾ മരിച്ചു
🎬 Watch Now: Feature Video
Published : Nov 21, 2023, 6:51 PM IST
|Updated : Nov 21, 2023, 7:32 PM IST
കാസർകോട്: ഓട വൃത്തിയാക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂർ സ്വദേശി ലക്ഷ്‌മപ്പ (43), നിര്‍ഗ്‌പൂര്‍ സ്വദേശി ബസയ്യ (40) എന്നിവരാണ് മരിച്ചത്. ഇന്ന് (നവംബര്‍ 21) വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മാർക്കറ്റ് ജങ്‌ഷനിലെ ലോഡ്‌ജിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. അഗ്നിരക്ഷ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായ സ്ഥലത്തേക്ക് ഇടുങ്ങിയ വഴിയാണുണ്ടായിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്‌ടിച്ചു. ചെങ്കല്ല് കൊണ്ട് കെട്ടിയ മതിലാണ് ഇടിഞ്ഞ് വീണത്. മൂന്ന് പേര്‍ സ്ഥലത്ത് ജോലിക്ക് എത്തിയിട്ടുണ്ടെന്ന സംശയത്തില്‍ വീണ്ടും നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും തെരച്ചില്‍ നടത്തി. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് ജോലിക്ക് എത്തിയിട്ടുള്ളൂവെന്ന് സ്ഥിരീകരിച്ചതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. മരിച്ച ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തെലങ്കാനയിലും ഇന്ന് സമാന രീതിയിലുള്ള അപകടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രംഗറെഡ്ഡി ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബിഹാർ സ്വദേശി ബബ്ലു, ബംഗാൾ സ്വദേശി സുനിൽ എന്നിവരാണ് മരിച്ചത്. 10 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിര്‍മാണം നടന്ന് കൊണ്ടിരിക്കെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.