Karnataka| കാളയോട്ട മത്സരത്തിനിടെ അപകടം, കര്‍ണാടകയില്‍ 10 പേര്‍ക്ക് പരിക്കേറ്റു - കാളയോട്ട മത്സരം
🎬 Watch Now: Feature Video
ബെംഗളൂരു: കാളയോട്ട (Bull Race) മത്സരത്തിനിടെ പത്ത് പേര്‍ക്ക് പരിക്ക്. കര്‍ണാടക വിജയപുര ജില്ലയിലെ കഖണ്ഡകി ഗ്രാമത്തിലാണ് സംഭവം. വേനലിന്‍റെ സമാപനവും കാലവർഷത്തിന്‍റെ ആരംഭവും സൂചിപ്പിക്കുന്ന കർഷകരുടെ ഉത്സവമായ 'കര ഹുന്നിമേ'യുടെ (Kara Hunnime) ആഘോഷവേളയിലായിരുന്നു അപകടം.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു (ജൂണ്‍ 10) വിജയപുരയിലെ കഖണ്ഡകി ഗ്രാമത്തിൽ കര ഹുന്നിമേ ഉത്സവത്തിന്‍റെ ഭാഗമായി പതിവായി നടത്തുന്ന കാളയോട്ട മത്സരം സംഘടിപ്പിച്ചത്. കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രശസ്‌തമായ ആഘോഷമാണിത്. ഇതില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ കാളകളെ മത്സരത്തിനായി തയ്യാറാക്കിയ ശേഷമാണ് എത്താറുള്ളത്. ആഘോഷങ്ങള്‍ നടക്കുന്ന ദിവസം കര്‍ഷകര്‍ കാളകളുമായി ഘോഷയാത്ര നടത്തും.
തുടര്‍ന്നാണ് കാളയോട്ട മത്സരത്തിലേക്ക് കടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇതേ പരിപാടി സംഘടിപ്പിച്ചപ്പോള്‍ കാളയോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടയൊരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. അന്ന് അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.