കൈതോലപ്പായയിൽ വിസ്‌മയിപ്പിക്കും കരവിരുത്; 5 പതിറ്റാണ്ടിന്‍റെ പാരമ്പര്യവുമായി പായി കല്യാണി - kannur karivellur Paayi kalyani handicrafts
🎬 Watch Now: Feature Video
കണ്ണൂർ : കൈതോലപ്പായയിൽ അഞ്ച് പതിറ്റാണ്ടുകളായി വിസ്‌മയം തീർക്കുകയാണ് പ്രാന്തംചാൽ മരത്തക്കാട് കോളനിയിലെ പായി കല്യാണി. പതിനൊന്നാമത്തെ വയസിൽ സ്വന്തമായി പായ മെടഞ്ഞ് വരുമാനമുണ്ടാക്കാൻ തുടങ്ങിയ പായി കല്യാണി 66 വയസ് പിന്നിട്ടിട്ടും ഈ ജോലിയുടെ തിരക്കുകളിൽ തന്നെയാണ്. അമ്മയിൽ നിന്നാണ് പായി കല്യാണി ഈ വിദ്യ അഭ്യസിച്ചത്. നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള കല്യാണി തുടർന്ന് പഠിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ കുടുംബത്തെ സഹായിക്കാനിറങ്ങുകയായിരുന്നു.
കൈതോല കൊണ്ട് കല്യാണി തീർക്കാത്ത വസ്‌തുക്കൾ ഇല്ല. പൂരക്കാലമായതിനാൽ പൂക്കൂടകൾ നിരവധി. പല വലിപ്പത്തിലും പല രൂപത്തിലും നിറയെ കൂടകൾ കല്യാണി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ പായകൾ, തലയിണകൾ എന്നുവേണ്ട കൈതോല കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതെന്തും കല്യാണി നിര്‍മിക്കുന്നുണ്ട്.
കൈതോല ചൂലുകളും കല്യാണിയുടെ മറ്റൊരു പ്രധാന ഉത്പന്നമാണ്. പഴയ കാലത്ത് തോട്ടിറമ്പിൽ ധാരാളം കൈത മുണ്ടകൾ ഉണ്ടായിരുന്നു. നിരവധി പേര്‍ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കൈതോലപ്പായകൾ അന്യമായിത്തുടങ്ങിയിരിക്കുന്നു. മാത്രമല്ല ഈ രംഗത്ത് പ്രവർത്തിക്കുന്നവരും നാമമാത്രമായി മാറി.
കൈതോല അന്വേഷിച്ച് കണ്ടുപിടിക്കുന്നതും മുറിക്കുന്നതും, മുള്ള് കളയുന്നതും, ഉണക്കുന്നതും, തെറുക്കുന്നതും, കീറുന്നതുമായ സുദീർഘമായ അധ്വാനം കഴിഞ്ഞാണ് നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നത്. കുത്തിയിരുന്ന് ഇതൊക്കെ നിർമിച്ചെടുക്കുന്നതും ചെറിയ കാര്യമല്ല. എന്നാല്‍ പുതുതായി ആളുകള്‍ കടന്നുവരാത്തതിനാല്‍ ഒരുപക്ഷേ തന്‍റെ തലമുറയോടെ മിക്കവാറും കൈതോല പായ നെയ്ത്തും അസ്‌തമിച്ചേക്കാമെന്ന് കല്യാണി പറയുന്നു.