സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്‌റ്റിന് വിടചൊല്ലി ജന്മനാട്; സംസ്‌കാരം ഒരുമാസത്തിനിപ്പുറം - നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി
🎬 Watch Now: Feature Video
കണ്ണൂർ: സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്‌റ്റിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് സുഡാനിലെ ഖാർത്തുമിൽ ആൽബർട്ട് അഗസ്‌റ്റിന്‍ വെടിയേറ്റ് മരിച്ചത്. മരണപെട്ട് ഒരു മാസത്തിന് ശേഷമാണ് സംസ്‌കാരം നടത്താൻ കഴിഞ്ഞത്.
നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ ആൽബർട്ട്, ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. ഈസ്‌റ്റർ ആഘോഷത്തിനാണ് ഭാര്യ സൈബല്ലയും മകളും സുഡാനിലെത്തിയത്. ആൽബർട്ട് കൊല്ലപ്പെട്ടു രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹം വെടിയേറ്റിടത്തുനിന്ന് ആശുപത്രിയിലേക്ക് പോലും മാറ്റാൻ സാധിച്ചത്. ആൽബർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായം കുടുംബം അഭ്യർഥിച്ചിരുന്നു. എംബസി ഇടപെട്ടാണ് ആൽബർട്ട് കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷം സൈബല്ലയേയും മകളെയും രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചത്.
വെള്ളിയാഴ്‌ച വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനമാർഗം അഗസ്‌റ്റിന്‍റെ മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെ പൊതുദർശനത്തിനെത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ആലക്കോട് എത്തിയത്.
അധികാരത്തര്‍ക്കം തകര്‍ത്ത സുഡാന്‍: സുഡാൻ സൈന്യവും ശക്തമായ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സുഡാനിലെ സംഘർഷങ്ങൾക്ക് വഴി ഒരുക്കിയത്. 2021 ഒക്ടോബറിൽ സൈന്യവും ആർഎസ്എഫും സംയുക്തമായി സൈനിക അട്ടിമറിയിലൂടെയാണ് സുഡാനിലെ ഭരണം പിടിച്ചെടുത്തത്. എന്നാൽ ഇരു സൈന്യവും തമ്മിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് പിരിമുറുക്കങ്ങൾ തുടങ്ങുന്നത്.
സുഡാൻ ആർമി ജനറൽ അബ്‌ദുൽ ഫത്ത അൽ ബർഹാനും ഡെപ്യൂട്ടിയായ ആർഎസ്എഫ് തലവൻ ജനറൽ മൊഹമ്മദ് ഹംദൻ ദാഗ്ലോയും തമ്മിലുള്ള അധികാര തർക്കമാണ് പ്രശനങ്ങള്‍ മൂര്‍ച്ചിക്കാന്‍ കാരണം. ആർഎസ്എഫ് തലവനെ ഡെപ്യൂട്ടി ആയിരിക്കുന്നതിനുപകരം അൽ-ബര്‍ഹാന് തുല്യമായ സ്ഥാനത്തേക്ക് ഉയർത്തിയതിനെ തുടർന്ന് അധികാര തർക്കം അക്രമാസക്തമായി. സൈന്യത്തിന്‍റെ പൂർണ ചുമതല ആര്‍ക്കായിരിക്കും എന്ന ചോദ്യങ്ങൾ ഉയർന്നതോടെയാണ് ഇരു സൈനിക വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടങ്ങുന്നത്. ഇതാണ് നൂറുകണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിച്ച ആഭ്യന്തര കലാപത്തിലേക്ക് നയിച്ചത്.