'അരമനകളില്‍ ബിജെപി നേതാക്കള്‍ക്ക് ലഭിക്കുന്നത് ആതിഥ്യ മര്യാദ, നേരം ഇരുട്ടി വെളുത്തത് കൊണ്ട് ഒന്നും മാറില്ല': കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: അരമനകളിൽ ബിജെപി നേതാക്കൾക്ക് ലഭിക്കുന്ന സ്വീകാര്യത ആതിഥ്യ മര്യാദയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിഷപ്പ് ഹൗസുകളിൽ ബിജെപി നേതാക്കൾക്കല്ല ആർക്കും പോകാം. ആർക്കും പ്രവേശനം നിഷേധിക്കപ്പെട്ട ഇടമല്ല.
ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസിൽ പോകട്ടെ. വിശ്വാസവും രാഷ്‌ട്രീയവും ലളിതമായ പ്രശ്‌നങ്ങളല്ല. നേരം ഇരുട്ടി വെളുത്തതു കൊണ്ടു മാത്രം ഒന്നും മാറില്ല. രാഷ്‌ട്രീയത്തെയും വിശ്വാസത്തെയും പൈങ്കിളിയായി കാണാതെ കുറച്ചുകൂടി ഗൗരവമായി സമീപിക്കണമെന്നും കാനം പറഞ്ഞു.
ക്രൈസ്‌തവരോടുള്ള ബിജെപിയുടെ സമീപനം മാറുന്നത് നല്ലതാണ്. കഴിഞ്ഞ വർഷം മാത്രം 600 കേസുകൾ ക്രൈസ്‌തവർക്കെതിരായ ആക്രമണത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിലപാടുകളിൽ നിന്ന് ബിജെപി മാറുന്നതിനെ എതിർക്കേണ്ട കാര്യമില്ല.
മതമേലധ്യക്ഷന്മാർ അവരുടെ നിലപാടാണ് പറയുന്നത്. മാർപാപ്പ അടക്കം ആഗോളീകരണത്തിനും യുദ്ധത്തിനും എതിരായാണ് സംസാരിക്കുന്നത്. എല്ലാ വിശ്വാസികളും അത് പിന്തുടരുന്നു എന്ന് കരുതാനാകില്ല.
എല്ലാവർക്കും അവരുടേതായ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതിനെ സ്വാധീനിക്കാൻ മതമേലധ്യക്ഷൻ മാർക്ക് കഴിയില്ല. ബിജെപിക്ക് കേരളത്തിൽ സ്പേസുണ്ടെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞത് അദ്ദേഹത്തിന്‍റെ വീക്ഷണമാണ്. അതിന് ഓരോ വ്യാഖ്യാനങ്ങൾ നൽകേണ്ട കാര്യമില്ല എന്നും കാനം പ്രതികരിച്ചു.