POCSO Case | 'ആ രഹസ്യമൊഴി എംവി ഗോവിന്ദൻ എങ്ങനെയറിഞ്ഞു' ; നുണ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍ - monson linked pocso case
🎬 Watch Now: Feature Video
കണ്ണൂര്‍ : തനിക്കെതിരായ നുണകൾ പ്രചരിപ്പിക്കുന്ന എംവി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. തനിക്കെതിരെയുള്ള ആരോപണത്തിന് പിറകിൽ സിപിഎം ആണ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസ് നടക്കുമ്പോൾ താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പോക്സോ കേസില്‍ തന്നെ ബന്ധപ്പെടുത്തി സാക്ഷികളാരും ഒന്നും പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. പോക്‌സോ കേസിൽ കുട്ടി നൽകിയ രഹസ്യമൊഴി എംവി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു?. അതിജീവിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമർശം പെൺകുട്ടി നൽകിയിട്ടില്ല എന്നാണ് അഭിഭാഷകൻ പറഞ്ഞത്.
ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കുന്നതിന് സിപിഎം നടത്തിയ ആസൂത്രണത്തിൻ്റെ തെളിവാണിത്. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും കെ സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.