'അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണം, ഇത് വരുത്തിവച്ച ദുരന്തം' : ജോസ് കെ മാണി
🎬 Watch Now: Feature Video
കോട്ടയം : കമ്പത്തെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ വിഷയത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ആനയെ ഇത്തരത്തിൽ മറ്റൊരിടത്തേക്ക് വിടുക എന്നത് പരാജയമാണെന്നത് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പൻ വിഷയത്തിൽ ഇപ്പോൾ കമ്പം ടൗണിൽ വലിയൊരു നാശ നഷ്‌ടം വരുത്തുകയാണ്. ഇത് വരുത്തിവച്ച ദുരന്തമാണെന്നും ജോസ് കെ മാണി പറഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണം. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ജനവാസ മേഖലയിലേക്ക് എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെയാണ് അരിക്കൊമ്പന്‍ കമ്പത്ത് എത്തിയതെന്നാണ് സൂചന. കമ്പം ടൗണിൽ കാട്ടാന ഇതിനോടകം നാശനഷ്‌ടങ്ങളും വരുത്തി. അരിക്കൊമ്പനെ പിടികൂടുവാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനയാക്കുന്നതാണ് തമിഴ്‌നാട്ടിലെ പതിവ്. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കാനാണ് സാധ്യത.