'പ്രസംഗിച്ച് നടന്നാല്‍ പോര..., പ്രവര്‍ത്തിക്കണം'; ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ - ഏകീകൃത സിവിൽ കോഡിനെതിരെ
🎬 Watch Now: Feature Video

കോഴിക്കോട്: പ്രസംഗിച്ച് നടന്നാൽ മാത്രം പോര, പ്രവർത്തിക്കുകയും വേണമെന്ന് കോൺഗ്രസ് നേതാക്കളോട് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒത്തൊരുമയോടെ പ്രവർത്തിച്ച കാലത്തൊക്കെ വിജയം കൈവരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ അതില്ല എന്ന ഓർമപ്പെടുത്തലാണ് ജിഫ്രി തങ്ങൾ നടത്തിയത്. ഏകീകൃത സിവിൽ കോഡിനെതിരെ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച ജനസദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പല വിഷയങ്ങൾ ഉണ്ടായപ്പോഴും അതിനെതിരെ മുന്നിൽ നിന്ന് നയിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയെ ഭിന്നിപ്പിക്കാതെ ഒന്നിപ്പിച്ച് രാജ്യം ഭരിച്ചതിൻ്റെ ചരിത്രം കോൺഗ്രസിനുണ്ട്. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കുമുള്ള ധൈര്യവും സ്ഥൈര്യവും തരാൻ കോൺഗ്രസിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിധിയോടെ ഇന്ത്യൻ ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും വർധിച്ചിരിക്കുന്നു. എല്ലാറ്റിനും മുന്നിൽ നിന്ന് കോൺഗ്രസ് പോരാടണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം, ഏകീകൃത സിവിൽ കോഡിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന തെറ്റായ വാദം ബോധപൂർവം ചിലർ കേരളത്തിൽ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൽറാം പറഞ്ഞത്. അതിൽ വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും വിടി ബൽറാം പറഞ്ഞു.