തൃശൂര്‍ ലോഡ്‌ജിലെ യുവതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, ഒപ്പമുണ്ടായിരുന്നയാള്‍ അറസ്റ്റില്‍
🎬 Watch Now: Feature Video
തൃശൂർ: നഗരത്തിലെ ലോഡ്‌ജിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതം. ജാർഖണ്ഡ് സ്വദേശിനിയായ മുനിക കിഷ്‌കു (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൂടെ ലോഡ്‌ജിൽ മുറിയെടുത്തിരുന്ന ഒഡിഷ സ്വദേശി ബെസേജ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിന് മൊഴിനല്‍കി.
കഴിഞ്ഞ തിങ്കളാഴ്‌ച (08.05.2023) രാത്രി ഒമ്പതോടെയാണ് ജാർഖണ്ഡ് സ്വദേശി മുനികയും ഒഡിഷ സ്വദേശി ബെസേജയും ലോഡ്‌ജില്‍ എത്തിയത്. പോസ്റ്റ് ഓഫിസ് റോഡിലെ ലോഡ്‌ജിലാണ് ഇരുവരും മുറിയെടുത്തത്. രാവിലെ മുറി ഒഴിയും എന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയായിട്ടും റൂം ഒഴിയാതെ വന്നതോടെ ജീവനക്കാരൻ റൂമിന് മുന്നിലെത്തി പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. പിന്നീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഒളിവിൽ പോയ യുവാവിനായി തെരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്‌ച രാത്രി തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതി ഹൃദ്‌രോഗ ബാധിതയാണെന്നും മരുന്ന് കഴിക്കാറുണ്ടെന്നും ആയിരുന്നു ഇയാളുടെ ആദ്യ മൊഴി. ശ്വാസം മുട്ടിയാണ് യുവതിയുടെ മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതിച്ചത്.