Independence Day | 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം : ശ്രീനഗറിൽ പതാക ഉയർത്തി ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ചടങ്ങ് കനത്ത സുരക്ഷയിൽ - Manoj Sinha
🎬 Watch Now: Feature Video
ശ്രീനഗർ : ജമ്മു കശ്‌മീരിൽ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ത്രിവർണ പതാക ഉയർത്തി. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങ്. ബക്ഷി സ്‌റ്റേഡിയം നവീകരിച്ചതിനെ തുടർന്നാണ് അഞ്ച് വർഷത്തിന് ശേഷം സ്വാതന്ത്ര്യ ദിന ചടങ്ങ് ഇവിടെവച്ച് വീണ്ടും നടത്താൻ തീരുമാനമായത്. എല്ലാ സർക്കാർ ജീവനക്കാരോടും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പൊതുജനങ്ങൾക്കായി പ്രത്യേക വേദിയും സജ്ജീകരിച്ചിരുന്നു. ആഘോഷങ്ങൾ കാണാൻ ബക്ഷി സ്‌റ്റേഡിയം കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പ്രസംഗിച്ച പ്രധാന വേദിയിലേക്ക് സുരക്ഷാ പാസോടെ മാത്രമേ ആളുകളെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. അതേസമയം, സുരക്ഷ പ്രശ്‌നങ്ങളില്ലാതെ ഭയമില്ലാതെ ഇത്തരം വലിയ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചത് സമാധാനത്തിന്‍റെ അടയാളമാണെന്ന് ശ്രീനഗറിലെ സാമൂഹിക പ്രവർത്തകർ ഇടിവി ഭാരതിനോട് പറഞ്ഞു. കശ്‌മീരിലെ ജനങ്ങൾ ഭയത്തിന്‍റെയും ഭീഷണിയുടെയും ചങ്ങലകളിൽ നിന്ന് മോചിതരായെന്നും രാജ്യത്തിന്‍റെ വളർച്ചയിലും സമൃദ്ധിയിലും ആളുകള്‍ തുല്യ പങ്കാളികളാണെന്നും മനോജ് സിൻഹ പ്രസംഗത്തില്‍ വ്യക്തമാക്കി.