Puthupally Byelection| 'രാഷ്‌ട്രീയ ലാഭം നേടേണ്ടത് വൈകാരികതയുടെ മറവിലല്ല', പുതുപ്പളളി തെരഞ്ഞെടുപ്പില്‍ മനസുതുറന്ന് ജെയ്‌ക് സി തോമസ്
🎬 Watch Now: Feature Video
കോട്ടയം: രാഷ്‌ട്രീയ ലാഭം നേടിയെടുക്കേണ്ടത് വൈകാരികതയുടെ മറവിലല്ലെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികതയെ ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നേരത്തെയും ശ്രമങ്ങള്‍ നടത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ വസ്‌തുതകളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അത് വിശകലന വിധേയമാക്കപ്പെടുകയും അത് തുറന്ന് കാട്ടപ്പെടുകയും ചെയ്യും. അതിന് പുതുപ്പള്ളിയും കേരളവും സാക്ഷികളാകുമെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിലും കേരളത്തിലും ഇതാദ്യമായല്ല ഇത്തരം കോണ്‍ഗ്രസ് അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതിനുദാഹരണമാണ് 2021ല്‍ മുന്‍ മുഖ്യമന്ത്രി മണ്ഡലം വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മാറുമെന്നുള്ള ചര്‍ച്ച ഉയര്‍ന്ന് വന്നപ്പോള്‍ അന്ന് ഇവിടെ സാക്ഷ്യം വഹിച്ചൊരു രംഗം, മുന്‍ മുഖ്യമന്ത്രിയുടെ വീടിന് മുകളില്‍ കയറിയിരുന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു എന്നുള്ളതായിരുന്നു. ഇത്തരത്തിലുള്ള വൈകാരികതയുടെ മറവില്‍ രാഷ്‌ട്രീയ ലാഭം സൃഷ്‌ടിക്കാനുള്ള ഒരു പൊതു ബോധ നിര്‍മാണമാണ്. എന്നാല്‍ അതിനോട് കേരളവും പുതുപ്പള്ളിയും പ്രതികരിച്ചു. പിന്നീട് കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നുവെന്നും ജെയ്‌ക് പറഞ്ഞു. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി നേരത്തെ തന്നെ സജ്ജമായിരുന്നു. അതുകൊണ്ടാണ് എല്ലായിടങ്ങളിലും അവലോകനം ചേരാന്‍ കഴിഞ്ഞത്. ശില്‍പശാല, സ്ഥാനാര്‍ഥി പര്യാടനം അടക്കമുള്ളവയാണ് ഇനി നടക്കാനുള്ളത്. യുഡിഎഫിന്‍റെ തെറ്റായ പ്രചരണ രീതിയേയും അഭിസംബോധന ചെയ്യാന്‍ കഴിയും വിധം മുന്നോട്ട് നീങ്ങും. നിലവില്‍ ലളിതമായ യുഡിഎഫിന്‍റെ ഭൂരിപക്ഷത്തെ കവച്ച് വയ്‌ക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്നും ജെയ്‌ക് സി തോമസ് കൂട്ടിച്ചേര്‍ത്തു.