'ചാൻസലറെയാണ് ഞങ്ങൾക്ക് വേണ്ടത് സവർക്കറെ അല്ല'; തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടർന്നു - black flags against governor
🎬 Watch Now: Feature Video
Published : Dec 19, 2023, 3:07 PM IST
തിരുവനന്തപുരം: സർവ്വകലാശാലകളിൽ സംഘപരിവാർ പ്രവർത്തകരെ നിയമിക്കുന്നു എന്ന് ആരോപിച്ച് (illegal recruitment in universities) എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ചാൻസിലർക്കെതിരെ നടത്തുന്ന പ്രതിഷേധം തലസ്ഥാനത്ത് ഇന്നും തുടർന്നു (SFI protest against governor). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെന്‍റൽ ആശുപത്രിയിൽ എത്തിയ ഗവർണർ തിരികെ പോകുന്നതിനിടെ പട്ടത്ത് വെച്ചാണ് ജില്ലാ സെക്രട്ടറി ആദർശിന്‍റെ നേതൃത്വത്തിലാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രവർത്തകരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. ഗവർണർ മെഡിക്കൽ കോളജിലെത്തുന്നുണ്ടെന്നറിഞ്ഞ് ആശുപത്രി വിദ്യാർഥികളായ എസ്എഫ്ഐ പ്രവർത്തകർ 'ചാൻസലറെയാണ് ഞങ്ങൾക്ക് വേണ്ടത് സവർക്കറെ അല്ലെന്നും' ആവശ്യപ്പെട്ടുള്ള കറുത്ത ബാനറുകൾ ഉയർത്തിയിരുന്നു. ഇന്നലെ കാലിക്കറ്റ് സർവകലാശാലയിൽ കണ്ടത് പോലെയുള്ള വലിയ പ്രതിഷേധമില്ലെങ്കിലും ഇരുപതോളം വിദ്യാർഥികൾ ചേർന്ന് ഗവർണർ വരുന്ന വഴിയിൽ ബാനർ കെട്ടുകയായിരുന്നു. എന്നാൽ ഗവർണർ എത്തുന്നതിനു മുൻപേ തന്നെ പോലീസുകാർ വാഹനം ഉപയോഗിച്ച് ബാനർ മറച്ചു. രാവിലെ 11:15 ഓടുകൂടിയായിരുന്നു ചികിത്സയുടെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. അതിനു മുന്നോടിയായി നൂറോളം പൊലീസുകാരെ ഡിസിപി നിതിൻ രാജിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്ത് വിന്യസിച്ചിരുന്നു. ഇതിനുപുറമേ കനത്ത പൊലീസ് സുരക്ഷയുടെ അകമ്പടിയോട് കൂടിയാണ് രാജ് ഭവനിൽ നിന്നും മെഡിക്കൽ കോളജിലേക്ക് ഗവർണർ എത്തിയത്. 12 മണിയോടെ ഗവർണർ തിരിച്ചുപോയി. ആശുപത്രി പരിസരമായതിനാലാണ് പ്രതിഷേധം നടത്താത്തതെന്നും മറ്റിടങ്ങളിൽ പ്രതിഷേധം ഉണ്ടാകുമെന്നും എസ്എഫ്ഐ ജില്ലാ നേതാക്കൾ അറിയിച്ചു. രണ്ട് ദിവസം കൂടി ഗവർണർ തലസ്ഥാനത്ത് ഉണ്ടാകും. ഇതിനിടെ കീഴ് വഴക്കം ലംഘിച്ച് ചാൻസിലർ പങ്കെടുത്ത സെമിനാറിൽ നിന്ന് മാറി നിന്നതിൽ രാജ് ഭവൻ കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജിനോട് വിശദീകരണം ചോദിച്ചേക്കും.