അരിക്കൊമ്പന്‍ പൂപ്പാറയില്‍ വീട് തകര്‍ത്തു, മൂന്നാറില്‍ ഭീതി പരത്തി പടയപ്പ - കാട്ടാന ശല്യം
🎬 Watch Now: Feature Video
ഇടുക്കി : ജില്ലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. അരിക്കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ പൂപ്പാറയില്‍ ഒരു വീട് തകര്‍ത്തു. മൂന്നാറിലിറങ്ങിയ പടയപ്പ കെഎസ്‌ആര്‍ടിസി ബസിന് നേരെയാണ് ആക്രമണം നടത്തിയത്.
പൂപ്പാറ തലക്കുളം സ്വദേശി ബൊമ്മരാജിന്‍റെ വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. പുലര്‍ച്ചെയോടെയായിരുന്നു ആനയുടെ ആക്രമണം. ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
വീടിന്‍റെ മുന്‍ വശത്തെ വാതിലുകളും ജനാലകളും ആന തകര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് മാസക്കാലയളവിലായി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളില്‍ 15ലധികം വീടുകള്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. പത്ത് ദിവസത്തിലധികമായി മൂന്നാർ കടലാർ എസ്റ്റേറ്റ് മേഖലയില്‍ സ്ഥിരമായി കാട്ടാനകള്‍ നാശം വിതയ്‌ക്കുന്നുണ്ട്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കെഎസ്‌ആര്‍ടിസി തടഞ്ഞ് പടയപ്പ : മൂന്നാറില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ ബസിന്‍റെ കണ്ണാടി ഉള്‍പ്പടെ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ നെയ്‌മക്കാടിന് സമീപത്തുവച്ചാണ് പടയപ്പ ബസിന് നേരെ പാഞ്ഞടുത്ത് ആക്രമണം നടത്തിയത്. ഇതേ പ്രദേശത്ത് പച്ചക്കറി കൃഷിയും പടയപ്പ രണ്ട് ദിവസം മുന്‍പ് നശിപ്പിച്ചിരുന്നു.