മെഡിക്കൽ സ്‌റ്റോര്‍ ഉടമയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം : പ്രതിയെ പിടികൂടി പൊലീസ്
🎬 Watch Now: Feature Video
ഇടുക്കി : ചെറുതോണിയിൽ മെഡിക്കൽ സ്‌റ്റോര്‍ ഉടമയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്‌റ്റഡിയിലായെതെന്നാണ് സൂചന. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അതേസമയം പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പൊലീസിനെതിരെ വ്യാപകമായ ആരോപണങ്ങൾ ആക്രമണമുണ്ടായ അന്നുമുതൽ നേരിട്ടിരുന്നു. അതിനാൽ തന്നെ ഏറെ കരുതലോടെയാണ് പൊലീസ് കേസന്വേഷണം നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇയാള്‍ക്കുനേരെ ആക്രമണമുണ്ടാകാനിടയായ സാഹചര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കസ്‌റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നാണ് പുറത്തുവരുന്ന വിവരം.
ചെറുതോണിയിൽ മെഡിക്കൽ സ്‌റ്റോര്‍ നടത്തുന്ന പഞ്ഞിക്കാട്ടിൽ ലൈജുവിന് നേരെയാണ് കഴിഞ്ഞ ഒമ്പതിന് രാത്രി പത്തര മണിയോടെ ആസിഡ് ആക്രമണമുണ്ടായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ അക്രമികള്‍ ചെറുതോണിയില്‍ ഒമ്പത് മണിക്ക് ലൈജുവിന്‍റെ കടയ്‌ക്ക് എതിര്‍വശം എത്തിയതായി കണ്ടെത്തിയിരുന്നു. ലൈജു കടയടച്ച് പുറത്തിറങ്ങി വാഹനത്തിൽ പോകുമ്പോൾ അക്രമികളും ഈ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ വാഹനം തടഞ്ഞുനിർത്തി ലൈജുവിന്‍റെ ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു. കണ്ണിലും കഴുത്തിലും ശരീരത്തിലുമായി ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.