അറുതിയില്ലാത്ത ആക്രമണം; സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്, ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു - സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നര ഏക്കറോളം കൃഷിയും കാട്ടാന നശിപ്പിച്ചു.
ഇന്നലെ രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിന്‍സന്‍റിനും നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
അതിനിടെ ഇടുക്കിയില്‍ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണ്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം.
അതേസമയം പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാകുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്‌ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
കോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്നലെ ഇടുക്കി ജില്ലയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.