video: ഇടുക്കിയില്‍ വെള്ളമുണ്ട്, കെഎസ്‌ഇബിക്ക് ആശ്വാസം... കാണാം ആകാശദൃശ്യം
🎬 Watch Now: Feature Video
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പിൽ നേരിയ വര്‍ധന. 2306 അടിയാണ് ഇന്നലെ വൈകുന്നേരം പുറത്തുവന്ന കണക്ക്. എന്നാല്‍, കഴിഞ്ഞ ദിവസം 2305.98 അടിയായിരുന്നു ജലനിരപ്പ്. 7.8 മില്ലിമീറ്റർ മഴ വൃഷ്‌ടിപ്രദേശത്ത് ലഭിച്ചപ്പോൾ 4.198 ദശലക്ഷം മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32.98 അടിയുടെ കുറവാണ് ജലനിരപ്പിൽ ഉള്ളതെങ്കിലും നേരിയ തോതിൽ ജലനിരപ്പ് ഉയരുന്നത് കെ.എസ്.ഇ.ബിക്കും ആശ്വാസമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിൽ 2305.42 അടിയായിരുന്ന ജലനിരപ്പാണ് 56 സെന്‍റീമീറ്റര്‍ ഉയർന്ന് 2305.98 അടിയിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 2338.96 അടി വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നത്.
വൃഷ്‌ടിപ്രദേശത്ത് 7.8 മീല്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32.98 അടി വെള്ളത്തിന്‍റെ കുറവാണ് അണക്കെട്ടിലുള്ളതെങ്കിലും മഴ ലഭിച്ച് തുടങ്ങിയത് ആശ്വാസത്തിന് വഴി വക്കുന്നുണ്ട്. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമായേനെ.
670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. 13 ദശലക്ഷം യൂണിറ്റോളം വൈദ്യുതിയാണ് ദിവസേന ഉൽപ്പാദിപ്പിക്കുന്നത്. തുലാവർഷവും വേനൽ മഴയും കുറഞ്ഞതാണ് ജലനിരപ്പ് വേഗത്തിൽ കുറയാൻ പ്രധാന കാരണമായത്. നേരിയതെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് കെഎസ്ഇബിക്കും ആശ്വാസമാകുന്നുണ്ട്.