Video | ചിന്നക്കനാലില്‍ നിന്നും തേക്കടിയിലേക്ക്...ഇടുക്കിയില്‍ കൗതുക കാഴ്‌ചയായി 'അരിക്കൊമ്പന്‍ എക്‌സ്‌പ്രസ്' - ഇടുക്കി അജയന്‍റെ കട
🎬 Watch Now: Feature Video
ഇടുക്കി: ചിന്നക്കനാലില്‍ നിന്നും തേക്കടിയിലേക്ക് ഒരു 'ട്രെയിന്‍ സര്‍വീസ്'. അതും അരിക്കൊമ്പന്‍റെ പേരില്‍. ഇടുക്കി വണ്ടന്‍മേട് പുറ്റടിയില്‍ നിന്നാണ് ഈ കൗതുക കാഴ്‌ച.
ഒരു ഇടുക്കിക്കാരന്‍റെ തലയിലുദിച്ച ചെറിയൊരു ആശയമാണിത്. ഇടുക്കിക്കാരന്‍ അജയന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പുറ്റടിക്ക് സമീപം ഒരു പുട്ടുകട നടത്തുന്നുണ്ട്. 'അജയന്‍റെ കട' എന്നാണ് ഈ സ്ഥാപനത്തിന്‍റെ പേര് തന്നെ.
ഇതിന്‍റെ ചുവടുപിടിച്ചാണ് അജയന്‍ ട്രെയിന്‍ ഇല്ലാത്ത ഇടുക്കിയില്‍ ഒരു ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. അജയന്‍റെ പുട്ടുകടയ്‌ക്ക് സമീപത്തായുള്ള 'അരിക്കൊമ്പന്‍ എക്‌സ്‌പ്രസ്' ഒരു ചെറിയ റിസോര്‍ട്ടാണ്. ട്രെയിനിന്‍റെ മാതൃകയിലാണ് റിസോര്‍ട്ടിന്‍റെ നിര്‍മാണം.
ഒറ്റയാനെ കൊണ്ട് പോയ റൂട്ടായ ചിന്നക്കനാല്‍ - തേക്കടി എന്നും ഇതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഉള്‍വശവും ട്രെയിന് സമാനം. വണ്ടൻമേട് പുറ്റടിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തങ്ങാനും വിശ്രമിക്കാനും വേണ്ട രീതിയില്‍ മുറികളും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
പുറ്റടിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് അജയന്‍റെ ഈ ഒരു ആശയം. ഇവിടേക്ക് എത്തുന്നവര്‍ക്കായി അജയന്‍റെ കടയിലെ വിവിധയിനം പുട്ടുകളും പല രുചികളിലുള്ള ചായകളും എപ്പോഴും തയ്യാറാണ്. ഇനി ഇങ്ങോട്ടേക്ക് വരുന്ന സഞ്ചാരികള്‍ക്ക് അജയന്‍റെ കടയുടെ ബോര്‍ഡിലുള്ളതുപോലെ 'അല്‍പം കൊതിയും നുണയുമൊക്കെ പറഞ്ഞിരിക്കാന്‍ അരിക്കൊമ്പന്‍ എക്‌സ്‌പ്രസും ഉപയോഗിക്കാം...