ഐഎഎഫ് ജെറ്റ് വിമാനം തകർന്നു വീണു, പൈലറ്റുമാർ സുരക്ഷിതർ
🎬 Watch Now: Feature Video
ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയില്‍ ഐഎഎഫ് ജെറ്റ് വിമാനം തകർന്നു വീണ് അപകടം. ഇന്ന് രാവിലെ ചാമരാജനഗർ ജില്ലയിലെ ഭോഗ്‌പൂരിനടുത്തുള്ള കൃഷിയിടത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ ചെറു വിമാനം തകർന്നുവീണത്. രണ്ട് പൈലറ്റുമാർ അപകടത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടു. പറക്കുന്നതിനിടെ വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ഇത് മനസിലാക്കിയ പൈലറ്റുമാർ ഉടൻ തന്നെ പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. ജില്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിലെ റൺവേയിലെ തകരാർ കാരണം ലാൻഡ് ചെയ്യേണ്ട വിമാനം വഴിതിരിച്ചുവിട്ടിരുന്നു. മുംബൈയില്‍ നിന്നുള്ള ഇൻഡിഗോ വിമാനമാണ് എടിസിയുടെ നിർദേശ പ്രകാരം കണ്ണൂർ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്‌തത്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് മംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാൻഡിങ് അനുവദിച്ചത്. നിലവില്‍ തകരാർ പരിഹരിച്ച് എയർപോർട്ട് സാധാരണ നിലയിലായിട്ടുണ്ട്. മെയ് 29നാണ് മംഗളൂരു വിമാനത്താവളത്തിലെ റൺവേയിലെ ലൈറ്റുകൾ തകരാറിലായത്.
അതിനു മുൻപ് കേന്ദ്രഭരണ പ്രദേശമായ ലേ വിമാനത്താവളത്തിലെ റൺവേയില്‍ ഇന്ത്യൻ വ്യോമസേനയുടെ വിമാനവും കുടുങ്ങിയിരുന്നു. സാങ്കേതിക തകരാറായിരുന്നു കാരണം.