കാസർകോട് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; പ്രേരണക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ - Abetment to suicide
🎬 Watch Now: Feature Video
കാസർകോട് : യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ജയപ്രകാശ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി നീലേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ജൂൺ 19നാണ് ചിറപ്പുറം സ്വദേശി ഷീജയെ എരിക്കുളത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിൽ നിന്നും യുവതി നിരന്തര പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ജയപ്രകാശ് ഷീജയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കും കുടുംബം പരാതി നൽകിയിരുന്നു.
മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ തലേ ദിവസം ഭർത്താവ് മർദിച്ചിരുന്നതായി യുവതി സഹോദരനെ അറിയിച്ചിരുന്നു. ഇതിന്‍റെ ഫോൺ രേഖകൾ ഉൾപ്പടെ ഹാജരാക്കിയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. പുതിയ വീടിന്‍റെ ഗൃഹപ്രവേശനം 29ന് നിശ്ചയിച്ചിരിക്കെയാണ് ഷീജ ആത്മഹത്യ ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ജയപ്രകാശിനെ റിമാൻഡ് ചെയ്‌തു.
ALSO RAED : Rape | കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു ; സുഹൃത്ത് അറസ്‌റ്റിൽ