പച്ചക്കൊളുന്ത് വില താഴേക്ക്: ഏജന്‍റുമാർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി

🎬 Watch Now: Feature Video

thumbnail

ഇടുക്കി: തേയില ഉൽപാദനം കൂടിയതോടെ പച്ചക്കൊളുന്തിനു വിലയിൽ വൻ ഇടിവ്. ഒരു കിലോ പച്ചക്കൊളുന്തിന് 15 രൂപയുടെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതു മൂലം ആയിരക്കണക്കിനു ചെറുകിട തേയിലകർഷകർ വീണ്ടും പ്രതിസന്ധിയിലായി.

26 രൂപയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോൾ കിലോയ്‌ക്ക് 11 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇടനിലക്കാരില്ലാതെ ഫാക്‌ടറികളിൽ നേരിട്ട് കൊളുന്ത് എത്തിക്കുന്ന കർഷകർക്ക് 14 രൂപ വരെ ലഭിക്കും. ഫാക്‌ടറികളുടെ ഉൽപാദന ശേഷിയിലും കൂടുതൽ പച്ചക്കൊളുന്ത് ആണ് ഓരോ ദിവസവും എത്തുന്നത്. 

ഇതിനാൽ തന്നെ ചെറുകിട കർഷകരെല്ലാം എത്തിക്കുന്ന മുഴുവൻ കൊളുന്ത് സ്വീകരിക്കുന്നതിനും ഫാക്‌ടറികൾക്കു കഴിയുന്നില്ല. അതിനാൽ കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുകയാണെന്നാണ് വ്യാപക പരാതി. വിൽപന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കൊളുന്ത് നശിക്കുന്ന അവസ്ഥയാണ്. വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി എന്നിവയുടെ വർധന മൂലം തേയില കർഷകർക്ക് ഇത് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ചെറുകിട തേയില കർഷകരെ സംരക്ഷിക്കുന്നതിനായി സർക്കാർ നിയന്ത്രണത്തിൽ ഫാക്‌ടറികൾ സ്ഥാപിക്കണം എന്നാണ് കൃഷിക്കാരുടെ ആവശ്യം. വില സ്ഥിരതയ്ക്കു ടീ ബോർഡ് ഇടപെടൽ ഉണ്ടാവുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. സബ്‌സിഡി ഇനത്തിൽ സാധനങ്ങൾ ലഭിക്കുമെന്നത് കേവലം പ്രഖ്യാപനം മാത്രമാണെന്നും പ്രഖ്യാപനത്തിനപ്പുറം പ്രായോഗികതലത്തിൽ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.