Idukki| ഇടുക്കിയില്‍ മരം കടപുഴകി വീണ് 3 കുടുംബങ്ങള്‍ താമസിക്കുന്ന വീട് തകര്‍ന്നു; ആളുകള്‍ രക്ഷപെട്ടത് അത്ഭുതകരമായി - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഇടുക്കി: ശാന്തൻപാറ പേതൊട്ടിയിൽ മരം വീണ് വീട് തകർന്നു. മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ ശക്‌തമായ കാറ്റിനെയും മഴയേയും തുടർന്നാണ് സമീപത്തെ ഏല തോട്ടത്തിൽ നിന്ന വൻ ചീമമുരിക്ക് കടപുഴകി വീണത്. പേതൊട്ടി സ്വദേശി സുന്ദരി ചാമകാളയുടെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. സുന്ദരിയെ കൂടാതെ രണ്ട് കുടുംബങ്ങൾ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്.
വാടകയ്‌ക്ക് താമസിച്ചു വന്നിരുന്ന തോട്ടം തൊഴിലാളിയായ ചന്ദ്രലേഖ ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി പുറത്തേയ്‌ക്ക് ഇറങ്ങിയ സമയത്താണ് അപകടം നടന്നത്. തലനാരിഴക്കാണ് ചന്ദ്രലേഖ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ചന്ദ്രലേഖയുടെ കുട്ടികൾ സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ആസ്‌ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച മേൽക്കൂര പൂർണമായും തകർന്നു. രണ്ട് മുറികളും ശുചിമുറിയും തകർന്നു. ഭിത്തിക്ക് ബലക്ഷയം സംഭവിക്കുകയും വിള്ളൽ ഏൽക്കുകയും ചെയ്‌തിട്ടുണ്ട്.
വീടിന് സമീപത്തായി അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്. ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റി തരണമെന്നും തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി മൂന്ന് കുടുംബങ്ങളെയും പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വികരിച്ചു.