വര്‍ക്കലയില്‍ വീടിന് തീ പിടിച്ചു ; ഉള്ളില്‍ സൂക്ഷിച്ചിരുന്നത് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - ഫയര്‍ഫോഴ്‌സ്
🎬 Watch Now: Feature Video
തിരുവനന്തപുരം : വർക്കലയിൽ വീടിന് തീ പിടിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പത്തും പതിമൂന്നും വയസായ രണ്ട് കുട്ടികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്.
പുന്നമൂട് സ്വദേശിയായ വിജയയുടെ വീടിനാണ് തീപിടിച്ചത്. തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂർത്തിയും ഭാര്യ രാജേശ്വരിയും കുട്ടികളും വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന ആളാണ് ഗണേഷ് മൂര്‍ത്തി. ഭാര്യ രാജേശ്വരി ക്ഷേത്രത്തില്‍ പുറംപണി ചെയ്‌തുവരികയാണ്. ഇരുവരും ജോലിക്ക് പോയതിന് പിന്നാലെ എട്ടുമണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്.
കുട്ടികളെ ഉറക്കി കിടത്തിയാണ് രാജേശ്വരി ജോലിക്ക് പോയത്. ഈ സമയം കത്തിച്ചുവച്ചിരുന്ന വിളക്കില്‍ നിന്ന് തീ പടര്‍ന്നാണ് ആളിക്കത്തിയത്. വീടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. തീ ആളിപ്പടരുന്നത് കണ്ട അയല്‍വാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. വർക്കല ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ചൂട് പിടിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വെള്ളത്തിൽ മുക്കി അപകട സാധ്യത ഇല്ലാതാക്കി.
ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പിടിക്കാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്‍റെ സമാധാനത്തിലാണ് ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും കുട്ടികള്‍.