Himachal rains| ഷിംലയിൽ ഉരുൾപൊട്ടൽ; ബഹുനില കെട്ടിടം ഉൾപ്പെടെ എട്ടോളം വീടുകൾ ഒലിച്ചുപോയി, 2 മരണം
🎬 Watch Now: Feature Video
ഷിംല : ഹിമാചൽ പ്രദേശിലെ കൃഷ്‌ണനഗർ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ ബഹുനില കെട്ടിടം ഉൾപ്പെടെ എട്ടോളം വീടുകൾ ഒലിച്ച് പോയി. അപകടത്തിൽപെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം കെട്ടിടങ്ങൾ തകർന്ന് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ ചില കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടതിനെത്തുടർന്ന് താമസക്കാരിൽ ഭൂരിഭാഗവും കഴിഞ്ഞ ദിവസം തന്നെ വീടുകൾ ഒഴിഞ്ഞിരുന്നു. അതിനാലാണ് അപകടത്തിന്‍റെ വ്യാപ്‌തി കുറഞ്ഞത്. കെട്ടിടത്തിന്‍റെ അടുത്തുണ്ടായിരുന്ന വലിയ മരം കടപുഴകി വീണതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തെത്തുടർന്ന് 15 ഓളം കുടുംബങ്ങൾ ഭവന രഹിതരായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്‌ച മുതൽ തുടരുന്ന കനത്ത മഴ ഹിമാചലിൽ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 55ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. തിങ്കളാഴ്‌ച ഷിംലയിലെ സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിലും, ഫാഗ്ലിയിലും ഉണ്ടായ മണ്ണിടിച്ചിലിൽ 17 ഓളം പേരാണ് കൊല്ലപ്പെട്ടത്. മണ്ണിടിച്ചിലിലും, മേഘവിസ്ഫോടനങ്ങളിലും നിരവധി റോഡുകളും തകർന്നിട്ടുണ്ട്. കല്‍ക്ക ഷിംല റെയില്‍വേ ട്രാക്കും കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ച് പോയിരുന്നു.