സിസ തോമസിന്‍റെ ഹർജി തള്ളിയ സംഭവം : കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർക്ക് വീണ്ടുവിചാരം വന്നിട്ടുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു
🎬 Watch Now: Feature Video
തിരുവനന്തപുരം : അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗീകാരത്തിന് വിധേയമായി നിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർക്ക് വീണ്ടുവിചാരം വന്നിട്ടുണ്ടെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സിസ തോമസിന്‍റെ ഹർജി വ്യാഴാഴ്‌ച അഡ്‌മിനിട്രേറ്റിവ് ട്രിബ്യൂണൽ തള്ളിയിരുന്നു. ഈ വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർക്കാരിന് ഗവര്‍ണര്‍ വിശദീകരണം നൽകിയിട്ടില്ലെന്നും വ്യവസ്ഥയുമായി ബന്ധപ്പെട്ട മര്യാദകൾ പാലിക്കുമെന്നും മന്ത്രി അറിയിച്ചു. അതിലുണ്ടായിരിക്കുന്ന വിള്ളലുകൾ ദൂരവ്യാപക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണെന്നും നേരത്തെ സമർപ്പിച്ച പാനലിൽ നിന്നും രണ്ടുപേർ റിട്ടയർ ചെയ്‌തിരുന്നുവെന്നും പുതുക്കിയ പട്ടികയാണ് ഇപ്പോൾ സമർപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സിസ തോമസിന്‍റെ ഹർജി വ്യാഴാഴ്‌ച അഡ്‌മിനിട്രേറ്റീവ് ട്രിബ്യൂണൽ തള്ളിയിരുന്നു. കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന ആവശ്യവും ട്രിബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടുപോകാമെന്നും നടപടിയെടുക്കുന്നതിന് മുൻപായി സിസ തോമസിനെ കൂടി കേൾക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതേസമയം സിസ തോമസിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ട്രിബ്യൂണലിന്‍റെ വിധി.
ഹർജി തള്ളിയതിനാൽ സിസ തോമസിന്‍റെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളെ വരെ കാരണം കാണിക്കൽ നോട്ടിസ് ബാധിക്കാൻ സാധ്യതയുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്‍റ് ഡയറക്‌ടർ ആയിരിക്കെ സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തതിന്‍റെ മേലാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഡോ. എം.എസ് രാജശ്രീ സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായപ്പോൾ ഗവർണറുടെ നിർദേശ പ്രകാരം താത്‌കാലിക വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്ത ആളാണ് സിസ തോമസ്. ഇത് സർവീസ് ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
ചുമതലയേറ്റ ശേഷം സിസ തോമസും യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. വിസിയെ നിയന്ത്രിക്കാൻ ഉപസമിതിയെ വരെ സിൻഡിക്കേറ്റ് നിയമിച്ചിരുന്നു. എന്നാൽ സിസ തോമസിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ഗവർണർ ഈ നീക്കം മരവിപ്പിക്കുകയും പിന്നീട് സിൻഡിക്കേറ്റ് അംഗങ്ങളുടെ ഹർജി പ്രകാരം ഹൈക്കോടതി ഗവർണറുടെ തീരുമാനം റദ്ദാക്കുകയും ചെയ്‌തിരുന്നു. ഈ തിരിച്ചടിക്ക് പിന്നാലെയാണ് ട്രിബ്യൂണലും സിസ തോമസിന് എതിരായി വിധി പറയുന്നത്.
ഇതിനിടെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ഡയറക്‌ടർ സ്ഥാനത്തുനിന്നും സിസ തോമസിനെ സർക്കാർ നീക്കം ചെയ്‌തിരുന്നു. പകരം ഡോ. എം.എസ് രാജശ്രീയെ നിയമിച്ചു. പകരം നിയമിക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ തന്നെ നിയമിക്കണമെന്ന് ഇത് സംബന്ധിച്ച് ട്രിബ്യൂണൽ സർക്കാരിനോട് നിർദേശിച്ചിരുന്നു. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സിസ തോമസ് നൽകിയ ഹർജിയിൽ ഒരാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് മാർച്ച് 16ന് ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സിസ തോമസിന്‍റെ ഹർജി തള്ളിയത്. നിലവിൽ ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൻ ഹില്ലിലെ പ്രിൻസിപ്പാളാണ് സിസ തോമസ്.